പാറമടയില്‍ നിന്നും ശുദ്ധജലം നിര്‍മിച്ചു മാതൃകയാവുകയാണ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ഉപയോഗശൂന്യമായ ചിട്ടിക്കര പാറമട ഇപ്പോള്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന കേന്ദ്രമായി മാറ്റിയിരിക്കുകയാണ്. അപകടങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന പാറമടകളെ കുറിച്ചുമാത്രം കേട്ടുകേള്‍വി യുള്ളവര്‍ക്ക് വ്യത്യസ്താനുഭവമാണ് പോത്തന്‍കോട് സമ്മാനിക്കുന്നത്.
നാലര ഏക്കറില്‍ പരന്നുകിടക്കുന്ന ചിട്ടിക്കര പാറമടയില്‍ 200 അടി താഴ്ച്ചയുള്ള ജല സ്രോതസുണ്ടെന്ന് കണ്ടെത്തിയതോടെ പാറമടയിലെ വെള്ളം ആറ്റിങ്ങല്‍ വാട്ടര്‍ അതോറിറ്റിയില്‍ പരിശോധനക്കായി നല്‍കി. വെള്ളം കുടിക്കാന്‍ യോഗ്യമാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ശുദ്ധജലം സംഭരിച്ച് ജനങ്ങള്‍ക്ക് എത്തിക്കുന്നതിനുള്ള നടപടി ബ്ലോക്ക് പഞ്ചായത്ത് സ്വീകരിച്ചു.
ജലം സംഭരിക്കുന്നതിനായി 5,000 ലിറ്റര്‍ വീതമുള്ള രണ്ട് ടാങ്കുകള്‍ സ്ഥാപിച്ചു. മൈക്രോ ഫില്‍റ്റര്‍ ഉള്‍പ്പെടെ മൂന്നു ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷമാണ് വെള്ളം ടാങ്കുകളിലേക്ക് പമ്പ് ചെയുന്നത്. വേനല്‍കാലത്ത് ബ്ലോക്കിന്റെ കീഴിലെ പോത്തന്‍കോട്, അൂര്‍ക്കോണം, അഴൂര്‍, മംഗലപുരം, കഠിനംകുളം എന്നീ അഞ്ച് പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് ഇവിടെ നിന്നും വെള്ളം ലഭ്യമാക്കും. ബ്ലോക്കിന് പുറത്തുള്ള പ്രദേശങ്ങളിലും ആവശ്യക്കാര്‍ക്ക് മിതമായ വാടക നല്‍കി വെള്ളം കൊുപോകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വിനിയോഗിച്ചത്. കുടുംബശ്രീയുടെ സഹായത്തോടെ ഒരു കുപ്പിവെള്ള ഫാക്ടറി ഇതാനോടനുബന്ധിച്ച് ആരംഭിക്കാനും ആലോചനയുണ്ട്. എല്ലാ സമയത്തും ഇവിടെ വറ്റാതെ വെള്ളമുണ്ടാകും എന്നതാണ് ചിട്ടിക്കര പാറമടയുടെ ഏറ്റവും വലിയ പ്രത്യേകത. വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായിരുന്ന പാറമട ഇപ്പോള്‍ ഒരു പ്രദേശത്തിന്റെ പ്രധാന കുടിവെള്ള സ്രോതസായി മാറിയിരിക്കുകയാണ്.