ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വിവി വസന്ത കുമാറിന്റെ മൃതദേഹം ഇന്നലെ വൈകീട്ടായിരുന്നു വീട്ടിലെത്തിച്ചത്. വൻ ജനാവലി തന്നെയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്.
നാടിനുവേണ്ടി ജീവൻ ബലി നൽകിയ ജവാനെ അവസാന ഒരുനോക്ക് കാണുന്നതിനായി കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേർ എത്തിയിരുന്നു. കണ്ണൂരില്‍നിന്ന് സിആര്‍പിഎഫ് അസിസ്റ്റന്റ് കമന്‍ഡാന്റ് അലക്‌സ് ജോര്‍ജും സംഘവും എത്തിയിരുന്നത്.
അവസാനമായി വസന്തകുമാറിനെ കാണാന്‍ കഴിയില്ലെന്ന കാര്യം കുടുംബത്തെ അറിയിക്കേണ്ടത് അലക്‌സ് ജോര്‍ജിന്റെ ഉത്തരവാദിത്വമായിരുന്നു. വസന്തകുമാറിന്റെ അര്‍ദ്ധ സഹോദരന്‍ സജീവിനെയായിരുന്നു ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചത്.
'വസന്തകുമാറിന്റെ പെട്ടി തുറക്കില്ല. ഭൗതികദേഹം കാണാന്‍ ആരും വാശിപിടിക്കരുത്. ഉറ്റവരെ ഇതറിയിക്കണം.' എന്നായിരുന്നു അലക്‌സ് ജോര്‍ജ് പറഞ്ഞത്. മറുപടി പറയാന്‍ കഴിയാതെ അദ്ദേഹം കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നു വസന്തകുമാര്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളും കുടുംബാംഗങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു.
ഉച്ചയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ലക്കിടിയിലും തുടര്‍ന്ന് ചടങ്ങുകള്‍ക്കായി വീട്ടിലുമെത്തിച്ചപ്പോള്‍ നേരം ഏറെ വൈകിയിരുന്നു.