വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്
മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്
Ration Kit / Wayanad / Congress
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തതായി ആക്ഷേപം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റുകളാണ് മണ്ഡലത്തില്‍ വിതരണം ചെയ്തത്.
മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്. കിറ്റുകള്‍ ലഭിച്ചതായി ആദിവാസി ഊരുകളില്‍ ഉള്ളവര്‍ വെളിപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കര്‍ണാടക' എന്നാണ് കിറ്റില്‍ പതിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ എന്നിവരുടെ ചിത്രങ്ങള്‍ കിറ്റില്‍ പതിപ്പിച്ചിട്ടുണ്ട്.