സിപിഎം പാർട്ടി കോൺഗ്രസിൽ ചേരിതിരിഞ്ഞുള്ള ചർച്ച; കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവും, പിണറായി കാരാട്ടിനൊപ്പം
സി പി എം പാര്‍ട്ടികോണ്‍ഗ്രസില്‍ ഇന്ന് നിർണായകം
ബിജെപിയെ അധികാരത്തിൽ നിന്നും ഇറക്കാനുള്ള രാഷ്ട്രീയചേരിയിൽ കോൺഗ്രസിനെ സഹകരിപ്പിക്കുന്നതിനെ ചൊല്ലി സി പി എമ്മിൽ ചേരി തിരിഞ്ഞുള്ള പക്ഷം. വിഷയത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ച്, ശക്തമായി വാദിച്ച് വാദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കഴിഞ്ഞ മൂന്ന് ദിവസമായി നേര്‍ക്കുനേര് നിൽക്കുകയാണ്.
പൊതുചർച്ചയിൽ വോട്ടെടുപ്പ് ആവശ്യവുമുയർന്നതോടെ പാർട്ടി കോൺഗ്രസിന്റെ മൂന്നാംദിവസമായ വെള്ളിയാഴ്ച നിർണായകമായിരിക്കുകയാണ്. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ശക്തമായി വാദിച്ച മഹാരാഷ്ട്രാ പ്രതിനിധി ഉദയ് നർവേൽക്കറാണ് രഹസ്യ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്.
ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍, കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎമ്മിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്‍ ഒഴികെയുള്ള 175 കേരള പ്രതിനിധികളും നിലവില്‍ കാരാട്ട് പക്ഷത്തോടൊപ്പമാണ്. ഇതിന് നേതൃത്വം കൊടുക്കുന്നതാവാട്ടെ പിണറായി വിജയനും.
കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ സാധ്യമല്ലെന്ന് കാരാട്ട് വ്യക്തമാക്കി. കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ കാരാട്ടിനെ പിന്തുണച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കോൺഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാടിനൊപ്പം നിന്നു.
കേരള ഘടകം, യെച്ചൂരിക്ക് എതിരാണെങ്കിലും ബംഗാള്‍ ഘടകം പൂര്‍ണമായും സീതാറാം യെച്ചൂരിയെ പിന്തുണയ്ക്കുന്നവരാണ്. ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് സഖ്യമാവാമെന്ന നിലപാട് തന്നെയാണ് അവര്‍ സ്വീകരിക്കുന്നത്.