Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നയിച്ചത് പൊലീസ് റിപ്പോര്‍ട്ട്; മനസില്ലാമനസോടെ സമ്മതംമൂളി പിണറായി

സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നയിച്ചത് പൊലീസ് റിപ്പോര്‍ട്ട്; മനസില്ലാമനസോടെ സമ്മതംമൂളി പിണറായി
, വ്യാഴം, 6 മെയ് 2021 (14:27 IST)
മിനി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോട് ജനം സഹകരിക്കാത്തതാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലേ ജനങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാര്യങ്ങള്‍ കാണൂ എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന് ആദ്യ ദിവസം തന്നെ പൊലീസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുറത്തിറങ്ങുന്ന 80 ശതമാനം പേരും അനാവശ്യ യാത്രകളാണ് നടത്തുന്നത്. ചോദ്യം ചെയ്യുമ്പോള്‍ ഓരോ ന്യായീകരണങ്ങള്‍ നിരത്തുകയാണെന്നും ഡിജിപിക്ക് ലഭിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 
 
നിലവില്‍ ഒന്‍പത് ദിവസത്തേക്കാണ് കേരളത്തില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് എട്ട് രാവിലെ ആറ് മുതല്‍ മേയ് 16 വരെയാണ് ലോക്ക്ഡൗണ്‍. എന്നാല്‍, ഇതിനുശേഷവും ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും. മേയ് 31 വരെ സമ്പൂര്‍ണ അടച്ചിടല്‍ തുടരാനാണ് സാധ്യത. ലോക്ക്ഡൗണ്‍ മേയ് 31 വരെ വേണോ എന്ന കാര്യത്തില്‍ ഈ ആഴ്ചയിലെ രോഗവ്യാപനതോത് കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കോവിഡ് വ്യാപനതോത് കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് വഴികളൊന്നും ഇല്ലെന്നാണ് വിലയിരുത്തല്‍. വൈറസിന് വ്യാപനശേഷി കൂടുതലാണ്. വായുവിലൂടെയും പകരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ സാഹചര്യങ്ങളും പരമാവധി ഒഴിവാക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടാനാണ് സാധ്യത. 
 
അതേസമയം, മിനി ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ച് പലയിടത്തും ആളുകള്‍ പുറത്തിറങ്ങി. മിനി ലോക്ക്ഡൗണ്‍ ആയതിനാല്‍ നിയന്ത്രണങ്ങള്‍ അത്ര കര്‍ക്കശമല്ലെന്ന് ജനം വിചാരിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ അടിയന്തരമായി തീരുമാനിച്ചത്. 

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനജീവിതം ദുസഹമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതുകൊണ്ടാണ് മിനി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, നിയന്ത്രണങ്ങള്‍ ലംഘിച്ചും ജനങ്ങള്‍ പുറത്തിറങ്ങിയതോടെ മിനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് പ്രയോജനമില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തി. താല്‍പര്യമില്ലെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തത് ഇതേ തുടര്‍ന്നാണ്. 
 
നിയന്ത്രണങ്ങള്‍ എന്തെല്ലാം? 

അനാവശ്യമായി പുറത്തിറങ്ങരുത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസെടുക്കും. കെഎസ്ആര്‍ടിസി സര്‍വീസ് അടക്കമുള്ള പൊതുഗതാഗതം നിര്‍ത്തിവയ്ക്കും. സ്വകാര്യ വാഹനം ഇറക്കിയാല്‍ കേസെടുക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കും. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നുണ്ടെങ്കില്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാലാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി ഇന്ന് ഉത്തരവ് ഇറങ്ങും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ സന്ദർശനത്തിനിടെ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ അക്രമണം, കാർ അടിച്ചുതകർത്തു(വീഡിയോ)