ബവ്കോ മദ്യശാലകൾ മാറ്റി സ്ഥാപിക്കൽ; പൊലീസ് സംരക്ഷണം നൽകാൻ ഡി.ജി.പി സർക്കുലർ പുറത്തിറക്കി
മദ്യശാലകള്‍ മാറ്റുവാന്‍ പൊലീസ് സുരക്ഷയൊരുക്കും
സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ പൊലീസ് സംരക്ഷണം നൽകും. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അയച്ചു. ബെവ്കോ എംഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സുപ്രീംകോടതിയുടെ വിധി അനുസരിച്ച് മാർച്ച് 31നകം ദേശീയ പാതയോരത്തെയും സംസ്ഥാന പാതയോരത്തെയും എല്ലാ മദ്യവിൽപന കേന്ദ്രങ്ങളും മാറ്റി സ്ഥാപിക്കണം. എന്നാൽ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ വർധിക്കുന്നതിനാൽ പുതിയ ഇടങ്ങളിൽ ഔട്ട്ലറ്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
സുപ്രീംകോടതി വിധി നടപ്പിലാക്കിയാൽ ബവ്കോയുടെ 270 മദ്യവിൽപന കേന്ദ്രങ്ങളിൽ 110 എണ്ണം മാറ്റിസ്ഥാപിക്കേണ്ടതായി വരും. മാർച്ച് 31നകം ഇവ മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സർക്കാരിനു ഭീമമായ വരുമാന നഷ്ടമാണുണ്ടാകുക. തുടര്‍ന്നാണ് ഇതിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.