ലോക്ക് ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഡ്രോൺ ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ നിരീക്ഷണം നടത്തി ആലപ്പുഴയിൽ ഒരു വീട്ടിൽ ആളുകൂടിയത് കണ്ടെത്തി സ്ഥലത്ത് പൊലീസ് പാഞ്ഞെത്തി. പൊലീസിനെ കണ്ട് വീട്ടുകാരും ആൾക്കാരെ കണ്ട് പൊലീസും അന്തംവിട്ടു.
വീട്ടിൽ പെണ്ണുകാണലായിരുന്നു. പെണ്ണിന്റെ വീട്ടുകാരും ചെക്കന്റെ വീട്ടുകാരും അയൽവക്കമുള്ളവരേയുമായിരുന്നു ക്യാമറിയിൽ കണ്ടത്. അമ്പലപ്പുഴയ്ക്ക് സമീപം ഉള്ള തീരദേശ മേഖലയിലായിരുന്നു രസകരമായ സംഭവം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോഴും പെണ്ണ് കാണൽ പോലുള്ള ചടങ്ങ് നടത്തിയ വീട്ടുകാരെ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ പാലിക്കേണ്ടുന്ന സാമൂഹിക അകലത്തെ കുറിച്ച് ബോധവത്കരണം നടത്തി പൊലീസ് തിരികെ പോയി.