വര്‍ഗീയ ശക്തികളുടെ കളിയുടെ കൂടെ അന്‍വറും കൂടി; രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
പി.വി.അന്‍വറിന്റെ ആരോപണം തുടങ്ങുമ്പോള്‍ തന്നെ നമുക്കും അതിനെപ്പറ്റി ഒരു ധാരണ ഉണ്ടായിരുന്നു
എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച പി.വി.അന്‍വര്‍ എംഎല്‍എയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വര്‍ഗീയ ശക്തികളുമായി അന്‍വര്‍ കൂട്ടുകൂടിയെന്ന് പിണറായി പറഞ്ഞു. എല്‍ഡിഎഫും സിപിഎമ്മും വിടുകയായിരുന്നു അന്‍വറിനെ ലക്ഷ്യമെന്നും പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ അതിനെയും നേരിടുമെന്നും മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
' ചില വര്‍ഗീയ ശക്തികള്‍ ഞങ്ങള്‍ക്കെതിരെ എങ്ങനെ കാര്യങ്ങള്‍ നീക്കാമെന്നാണ് നോക്കുന്നത്. ഞങ്ങള്‍ക്കൊപ്പം അണിനിരക്കുന്നവരെ എങ്ങനെ പിന്തിരിപ്പിക്കാമെന്നാണ് അവരുടെ ശ്രമം. രണ്ട് വര്‍ഗീയതയുമായി ബന്ധപ്പെട്ടും ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കും. ഈ വര്‍ഗീയ ശക്തികളുടെ കൂടെ അന്‍വറും ചേര്‍ന്നു എന്നുവേണം മനസിലാക്കാന്‍. പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ അതിനെയും നേരിട്ടു പോകുകയെന്നതാണ് ഞങ്ങളുടെ നിലപാട്,' പിണറായി പറഞ്ഞു
' പി.വി.അന്‍വറിന്റെ ആരോപണം തുടങ്ങുമ്പോള്‍ തന്നെ നമുക്കും അതിനെപ്പറ്റി ഒരു ധാരണ ഉണ്ടായിരുന്നു. ഒരു എംഎല്‍എ എന്ന നിലയ്ക്ക് ആരോപണത്തെ ഗൗരവത്തോടെ എടുത്തു. അതിന്റെ ഭാഗമായി അന്വേഷണം പ്രഖ്യാപിച്ചു. അപ്പോ മെല്ലെ മെല്ലെ അന്‍വര്‍ മാറിമാറി വരുന്നു. സിപിഎം പാര്‍ലമെന്റ് പാര്‍ട്ടിയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വിടുന്നു എന്നതിലേക്ക് ഒരു ഘട്ടത്തില്‍ എത്തി. ഏതൊക്കെ രീതിയില്‍ തെറ്റായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റും എന്നാണ് അദ്ദേഹം നോക്കിയത്,' മുഖ്യമന്ത്രി പറഞ്ഞു.