പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ വീഴ്‌ച സംഭവിച്ചു, 600 കോടിയില്‍ നിന്ന് അരിവില കുറച്ചാൽ 336 കോടി മാത്രം - കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ വീഴ്‌ച സംഭവിച്ചു, 600 കോടിയില്‍ നിന്ന് അരിവില കുറച്ചാൽ 336 കോടി മാത്രം - കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
പ്രളയപുനർനിർമാണത്തിന് അർഹതപ്പെട്ട സഹായം നല്‍കാന്‍ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മഹാപ്രളയത്തിൽ 31,000 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചപ്പോള്‍ കേന്ദ്രം അനുവദിച്ചത് 600 കോടി മാത്രമാണ്. വിദേശരാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാനുള്ള ശ്രമങ്ങളും കേന്ദ്രം തടഞ്ഞു. കേരളം ചോദിച്ച അയ്യായിരം കോടി രൂപയുടെ പാക്കേജിൽപ്പോലും ഇനിയും തീരുമാനമായിട്ടില്ല. ഗുരുതരമായ അലംഭാവമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രളയകാലത്ത് കേരളം സന്ദർശിച്ച് നാശനഷ്ടങ്ങളെക്കുറിച്ച് കണ്ടറിഞ്ഞതാണ്. സഹായിക്കാൻ തയാറായി വന്ന യുഎഇ പോലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനുമായില്ലെന്നും പിണറായി വ്യക്തമാക്കി.
കർണാടകയിൽ ഒരു ജില്ലയിൽ മാത്രം പ്രളയമുണ്ടായപ്പോൾ അനുവദിച്ചത് 546 കോടിയാണ്. ഉത്തരാഖണ്ഡിലും ചെന്നൈയിലും പ്രളയമുണ്ടായപ്പോൾ ഇതിനേക്കാൾ കൂടുതൽ സഹായം കേന്ദ്രസർക്കാർ നൽകിയിരുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രളയസമയത്ത് അനുവദിച്ച 600 കോടിയില്‍ നിന്നും അരിയും മണ്ണെണ്ണയും ഉൾപ്പെടെയുള്ള സാധനങ്ങൾക്കു വില നൽകണമെന്നാണു കേന്ദ്ര നിലപാട്. ഇതു കിഴിച്ചാൽ ഫലത്തിൽ കേന്ദ്ര സഹായം 336 കോടി മാത്രമാകും. കേരളം ചോദിച്ചതും അർഹതയുള്ളതും മുഴുവൻ കിട്ടുമെന്നു പ്രതീക്ഷിച്ചാലും ബാക്കി തുക കണ്ടെത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.