സഹായധനമായി ഇതുവരെ നല്‍കിയത് 335 കോടി, 2.3 ലക്ഷം പേര്‍ക്ക് ആശ്വാസം; പിണറായി സര്‍ക്കാര്‍ മുന്നോട്ട്
സഹായത്തിനായി ഇനി സെക്രട്ടറിയേറ്റ് കയറിയിറങ്ങണ്ട...
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനമായി 335 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധമേഖലകളില്‍ ദുരിതം അനുഭവിക്കുന്ന 2.3 ലക്ഷം പേര്‍ക്കാണ് ഇത്രയും തുക അനുവദിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് ഇതേ കാലയളവില്‍ അനുവദിച്ച തുക 169 കോടി മാത്രമായിരുന്നു. ദുരിതമനുഭവിക്കുന്ന കൂടുതല്‍ ആളുകളിലേക്ക് ഇത്തവണ സഹായം എത്തിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അര്‍ഹരായവര്‍ക്ക് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയത്. സഹായത്തിനായി ആരും സെക്രട്ടറിയേറ്റില്‍ എത്താതെ തന്നെ ഓണ്‍ലൈനിനായി അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കി. ചികിത്സാരേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിച്ചാല്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും.
കൂടാതെ, തുക അനുവദിച്ച് ഉത്തരവിറങ്ങിയാലും പണം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സഹായധനം നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടില്‍ എത്തിക്കുന്ന പദ്ധതി ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.