‘മൃദു ഭാവെ ദൃഢ ചിത്തെ’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിക്കുന്ന മനോഭാവം പൊലീസിനുണ്ടാകണം: മുഖ്യമന്ത്രി
പൊലീസിന് കാർക്കശ്യം മാത്രം പോരാ വിനയവും വേണമെന്ന് പിണറായി
കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പെരുമാറ്റത്തിൽ വിനയം ഉണ്ടായിരിക്കുകയെന്നത് ഒരു തരത്തിലും പൊലീസുകാർക്ക് ഒരു കുറവല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പൊലീസ് ശ്രമിക്കരുതെന്നും പിണറായി പറഞ്ഞു.
പാലക്കാട് മുട്ടിക്കുളങ്ങര കെഎപി രണ്ട് ബറ്റാലിയനിൽ കെഎപി ഒന്ന്, രണ്ട് ബറ്റാലിയനുകളിലെ 420 പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജനങ്ങളോട് എല്ലായ്പ്പോഴും മൃദുവായ മനോഭാവമായിരിക്കണം പൊലീസിനുണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപികള്‍ സ്വീകരിച്ചു വരികയാണ്. ‘മൃദു ഭാവെ ദൃഢ ചിത്തെ’ എന്ന പൊലീസിന്റെ ആപ്തവാക്യം ഉയർത്തിപ്പിടിക്കുന്ന മനോഭാവമായിരിക്കണം പൊലീസുകാര്‍ക്കുണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയ സമയത്ത് പൊലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറിയ മുഖ്യമന്ത്രിയുടെ നടപടി വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രംഗത്തെത്തിയത്.