മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന് പ്രമോസ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണയ്ക്ക് (26) ഗുരുതരമായി പരിക്കേറ്റു. വീണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം സംഭവിച്ചത്. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുന്‍പാണ് പ്രമോസിന്റെയും വീണയുടെയും വിവാഹം നടന്നത്.
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തൃശൂര്‍ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു.
മയില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ട പ്രമോസിന്റെ ബൈക്ക് മറിയുന്നതിന് മുമ്പ് മറ്റൊരു ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. ഇതേത്തുടര്‍ന്ന് ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന് ധനേഷിനും (37) പരുക്കേറ്റിരുന്നു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം.