പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത് 384 പ്രശ്ന സാധ്യത ബൂത്തുകളും 102 മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളും. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ഏറ്റവും കൂടുതല്‍ പ്രശ്ന സാധ്യത ബൂത്തുകള്‍ കണ്ടെത്തിയിരിക്കുന്നത്. 28 പോളിംഗ് ബൂത്തുകളാണ് ഇവിടെ പ്രശ്ന സാധ്യത ബൂത്തുകള്‍ ആയിട്ടുള്ളത്. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 27 ബൂത്തുകളും കോട്ടായി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 24 ബൂത്തുകളും വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 22 ബൂത്തുകളും പ്രശ്ന സാധ്യത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 102 ബൂത്തുകളാണ് ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്. അഗളി സ്റ്റേഷന്‍ പരിധിയില്‍ 66, ഷോളയൂര്‍ 26, മണ്ണാര്‍ക്കാട് ഏഴ്, മലമ്പുഴ രണ്ട്, കല്ലടിക്കോട് ഒരു ബൂത്തുമാണ് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളായി കണ്ടെത്തിയിരിക്കുന്നത്.
പ്രശ്ന സാധ്യതയുള്ളതും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതുമായ ബൂത്തുകളില്‍ പോലീസ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളില്‍ ആയുധ പരിശീലനം ലഭിച്ച പ്രത്യേക പോലീസ് സേനയെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിക്കും. കൂടാതെ വോട്ട് ചെയ്യുന്നതിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബൂത്തുകളില്‍ വീഡിയോഗ്രഫി, വെബ്കാസ്റ്റിംഗ് എന്നിവയും ഏര്‍പ്പെടുത്തും .