Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധി; പാലക്കാട് സീറ്റില്‍ 'ഇടഞ്ഞ്' സരിന്‍, കോണ്‍ഗ്രസ് വിട്ടേക്കും

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച സരിന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു

Rahul Mamkootathil and P Sarin

രേണുക വേണു

, ബുധന്‍, 16 ഒക്‌ടോബര്‍ 2024 (13:22 IST)
Rahul Mamkootathil and P Sarin

ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പാലക്കാട് നിയമസഭാ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി.സരിന്‍. ഒറ്റയാളുടെ താല്‍പര്യത്തിനു വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിട്ടുണ്ടെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച സരിന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പാലക്കാട് മുന്‍ എംഎല്‍എ ഷാഫി പറമ്പിലിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഷാഫിയുടെ ഇഷ്ടത്തിനു വഴങ്ങിയാണ് രാഹുലിന് സീറ്റ് നല്‍കുന്നതെന്നാണ് സരിന്റെ പരോക്ഷ വിമര്‍ശനം. 
 
'പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. പാലക്കാട് സ്ഥാനാര്‍ഥിയായി നിര്‍ണയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റണം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പുന:പരിശോധിക്കണം. പരിശോധിച്ചില്ലെങ്കില്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. തന്നെ ആരും പുറത്താക്കിയിട്ടില്ല. ഈ രീതിയില്‍ പോയാല്‍ തിരഞ്ഞെടുപ്പ് തോല്‍ക്കും. കോണ്‍ഗ്രസ് പുന:പരിശോധിക്കണം. നേതൃത്വം കാണിക്കുന്നത് തോന്ന്യാസം. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. പാര്‍ട്ടിയില്‍ സുതാര്യത വേണം. തിരുത്താന്‍ ഇനിയും സമയമുണ്ട്,' സരിന്‍ പറഞ്ഞു 
 
പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു പരിചയമുള്ള തനിക്ക് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് സരിന്‍ പ്രതീക്ഷിച്ചിരുന്നു. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പ്രചരണ രംഗത്തുനിന്ന് പൂര്‍ണമായി മാറിനില്‍ക്കുമെന്ന് സരിന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി വിടുന്ന കാര്യവും സരിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. 
 
പാലക്കാട് ഡിസിസിയിലും രാഹുല്‍ മാങ്കൂട്ടത്തിലിനോടു വിയോജിപ്പുള്ളവര്‍ ഉണ്ട്. ഷാഫി പറമ്പിലിനു ലഭിച്ചതു പോലെ നിഷ്പക്ഷ വോട്ടുകള്‍ പിടിക്കാന്‍ രാഹുലിന് സാധിക്കില്ലെന്നാണ് ഡിസിസിയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് വോട്ടുകള്‍ അടക്കം സ്വന്തമാക്കാന്‍ ഷാഫിക്ക് സാധിച്ചിരുന്നെന്നും രാഹുലിന് അതിനുള്ള കഴിവ് ഇല്ലെന്നുമാണ് ഡിസിസിയില്‍ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാകും ഗുണം ചെയ്യുകയെന്ന വിലയിരുത്തലും ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുലാമാസ പൂജ: ശബരിമല ക്ഷേത്ര നട ബുധനാഴ്ച വൈകിട്ട് തുറക്കും