ഇതിനെയാണോ അഭിസാരികയുടെ ചാരിത്ര പ്രസംഗം എന്നു പറയുന്നത്?
‘ഒരു സാരോപദേശവും ഇങ്ങോട്ടു വേണ്ട. ശരിയും തെറ്റും ഞങ്ങൾക്ക് അറിയാം’- ശശിക്ക് പാരയായി ‘ചാരിത്ര പ്രസംഗം’
ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ സിപിഎം എംഎൽഎ പി.കെ. ശശിക്ക് പാരയായി അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ. ഒരു വർഷം മുൻപ് നിയമസഭയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗികാരോപണം നിരത്തി ശശി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പടരുകയാണ്.
പീഡനക്കേസുകളിൽ ഉൾപ്പെട്ടവർ ചാരിത്ര്യപ്രസംഗം നടത്തുന്നുവെന്നായിരുന്നു ശശിയുടെ അന്നത്തെ പരിഹാസം. ഇപ്പോഴത്തെ സാഹചര്യത്തിൽ ശശിക്കെതിരെ ആരോപണം ഉയരുമ്പോൾ ഈ ചോദ്യങ്ങൾ ശശിയോട് തന്നെ ഉന്നയിച്ചുകൊണ്ടാണ് പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
മേയ് അഞ്ചിന് ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ, പ്രതിപക്ഷത്തെ പരിഹസിച്ച ശശി ഒടുവിൽ ലൈംഗികാരോപണങ്ങളിലേക്കു കടന്നു. അന്നു ശ്രദ്ധകിട്ടാതെ പോയ പ്രസംഗം ഇപ്പോൾ ക്ലിക്കായി. പാർട്ടിക്കും ക്ഷീണമായിരിക്കുകയാണ്.
പ്രസംഗം ഇങ്ങനെ:
അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. കല്യാണം കഴിച്ചിട്ടില്ലാത്ത പെൺകുട്ടി 10 പെറ്റ തള്ളയോട് പ്രസവവേദനയെക്കുറിച്ചു സംസാരിക്കുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്തായാലും സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിനെപ്പറ്റിയും അഭിപ്രായം പറയാൻ കോൺഗ്രസുകാർക്ക് ഇപ്പോഴെങ്കിലും തോന്നിയതിൽ സന്തോഷം.
ആരുടെയും പേരു പറയുന്നില്ല. കൊല്ലത്തു നിന്നു സേവാദൾ വൊളന്റിയറെ മഞ്ചേരിയിൽ കൊണ്ടുവന്നു ദിവസങ്ങളോളം പാതിരാത്രി യോഗാസനം പഠിപ്പിച്ച മഹാനായ നേതാവിന്റെ പാർട്ടിയല്ലേ! അവർ സ്ത്രീത്വത്തെപ്പറ്റി പറയുമ്പോൾ കേൾക്കാൻ നല്ല സുഖമാണ്. സ്വന്തം പാർട്ടി ഓഫിസിലെ തൂപ്പുകാരിയായ സ്ത്രീയെ ഉപയോഗം കഴിഞ്ഞതിനു ശേഷം വെട്ടിനുറുക്കി കുളത്തിലിട്ടു കൊന്ന നേതാക്കൻമാരുടെ പാർട്ടിയല്ലേ.
വള്ളംകളി ഉദ്ഘാടനത്തിനെത്തിയ സിനിമാനടിയുടെ ശരീരഭാഗങ്ങളിലാകെ കയ്യടയാളം പതിപ്പിച്ച, മഹാൻമാരിൽ മഹാൻമാരുടേതല്ലേ നിങ്ങളുടെ പാർട്ടി. അവരാണു സ്ത്രീത്വത്തെപ്പറ്റി പഠിപ്പിക്കാൻ നടക്കുന്നത്.
‘ഒരു സാരോപദേശവും ഇങ്ങോട്ടു വേണ്ട. ശരിയും തെറ്റും ഞങ്ങൾക്ക് അറിയാം’