സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ടിപ്സ്: പെൺകുട്ടികളെയും യുവതികളെയും വലയിൽ വീഴ്ത്തി സോഷ്യൽ മീഡിയ സെലിബ്രിറ്റി, വിനീതിനെതിരെ പിന്നെയും പരാതികൾ
വിനീത് എന്ന ഒഫീഷ്യൽ പേരുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ വീണ്ടും പരാതികൾ. ഇയാൾ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തിയതായാണ് പരാതി. കൂടാതെ ഇ-മെയിൽ,ഇൻസ്റ്റഗ്രാം ഐഡികളും പാസ്‌വേഡുകളും കൈക്കലാക്കിയതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച് വീട്ടമ്മയായ യുവതിയാണ് പരാതി നൽകിയത്.
ബലാത്സംഗക്കേസിൽ വിനീത് അറസ്റ്റിലായതിന് പിന്നലെ പോലീസിനെ ഫോണിൽ വിളിച്ച് കോളേജ് വിദ്യാർഥിനികളും പരാതിപ്പെട്ടിരുന്നു. മോശമായി പെരുമാറിയതിനെ തുടർന്ന് സൗഹൃദത്തിൽ നിന്ന് പിന്മാറിയിരുന്നതായി വിദ്യാർഥിനികൾ പറഞ്ഞു. എന്നാൽ ഇവരാരും രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല. പ്രതികൾക്കെതിരെ ഇനിയും പരാതികൾ ഉയരുമെന്നാണ് കരുതുന്നത്.കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നിലവിൽ വിനീതിനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
കാറു വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. നേരത്തെ പോലീസിലായിരുന്നുവെന്നും ഇപ്പോൾ സ്വകാര്യ ചാനലിൽ ജോലി ചെയ്യുകയാണെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്.
വിനീത് എന്ന ഒഫീഷ്യൽ പേരുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്. സമൂഹ മാധ്യമങ്ങളിലുള്ള പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകലായിരുന്നു ഇയാളുടെ രീതി.നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും വലയിൽ വീഴുകയും ഇത് മുതലെടുക്കുകയുമാണ് പ്രതി ചെയ്തിരുന്നത്.