മലയാളികള്‍ ഓണാഘോഷത്തിന്റെ തിരക്കിലേക്ക് പോകുകയാണ്. നന്മയുടെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷവേള. മാലോകരെല്ലാം ഒന്നു പോലെ വാണിരുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓണം.
ഓണം ഇന്ന് കേരളീയരുടെ ദേശീയ ഉത്സവമല്ല, ആഗോള ഉത്സവമാണ്. ലോകത്തിന്റെ ഏതു ഭാഗത്തായാലും മലയാളി എവിടെയുണ്ടോ അവിടെ ഓണവുമുണ്ട്. അന്യദേശങ്ങളില്‍ മലയാളികള്‍ എത്തുകയും അവിടെയെല്ലാം ഓണം ആഘോഷിക്കുകയും ചെയ്യുന്നത് പതിവായപ്പോള്‍ ഇപ്പോള്‍ രസകരമായ മറ്റൊരു സംഗതി കൂടെയുണ്ട്. ഓണം ഇന്ന് രാജ്യത്ത് എല്ലാ വിഭാഗങ്ങളുടെയും ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണ്. തമിഴകത്തെത്തിയാല്‍ കാണാം, അവിടെ മലയാളികള്‍ അധികം ഇല്ലാത്ത ഇടങ്ങളില്‍ പോലും തമിഴ് ജനതയുടെ നേതൃത്വത്തില്‍ ഓണം ആഘോഷിക്കുന്നത്.
കര്‍ണാടകയിലായാലും തെലുങ്ക് ദേശത്തായാലും ഉത്തരേന്ത്യയിലായാലും ഇതുതന്നെ സ്ഥിതി. ലോകത്തെവിടെയായാലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ തയ്യാര്‍. അവര്‍ക്കൊപ്പം ആ നാട്ടുകാരും കൂടുമ്പോള്‍ ഓണം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആഘോഷമായി മാറുന്നു. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട് അവര്‍ ഓണത്തെ വരവേല്‍ക്കുന്നു.
മലയാളിയുടെ പത്തായവും മനസ്സും ഒരുപോലെ നിറയുന്ന മാസമാണ് ചിങ്ങം. പ്രകൃതിയും ജീവജാലങ്ങളും ഒരുപോലെ ഓണത്തെ വരവേല്‍ക്കുന്നു.