രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബർമാർ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. 2016 മെയ് 25നായിരുന്നു ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്.
17ന് രാവിലെ എൽഡിഎഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററിൽ ചേരും. അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ.
സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാമോ എന്നതിൽ ചർച്ചകൾ നടക്കുകയാണ്. പരമാവധി ആളുകളെ ചുരുക്കികൊണ്ടാകും സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുക.