രാജ്യത്ത് ഓരോ ദിവസവും ഇന്ധനവില കുതിച്ചുയരുന്നത് തുടരവെ സംസ്ഥാനത്ത് പെട്രോൾ,ഡീസൽ നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. പെട്രോൾ ഡീസൽ വിൽപ്പനയുമായി ബന്ധപ്പെറ്റ് സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന നികുതിവിഹിതം കുറവാണെന്നും ഈ പശ്ചാത്തലത്തിൽ പെട്രോൾ,ഡീസൽ നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് സാധ്യമാകുകയില്ലെന്നും ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതിവിഹിതം കേന്ദ്രം തരുന്നില്ല. 17000 കോടി രൂപ സംസ്ഥാനത്തിന് ഇത്തരത്തിൽ ലഭിക്കാനുണ്ട്. അതിനാൽ ഇന്ധനവില വർധനവിനെ കൊണ്ട് സംസ്ഥാനത്തിന് ലഭിക്കുന്ന അധികവരുമാനം ഒഴിവാക്കാൻ സാധിക്കുകയില്ല. കേന്ദ്രം വില കൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കണമെന്നാണ് പറയുന്നതെന്നും ബാലഗോപാൽ വിമർശിച്ചു.
ഇന്ന് തിരുവനന്തപുരത്ത് 115.54 രൂപയും കൊച്ചിയിൽ 113.56 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഡീസൽ വില തലസ്ഥാനത്ത് 102.25 രൂപയും കൊച്ചിയിൽ 100.40 രൂപയുമാണ്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് കണക്കാക്കുന്നത്.