ഞാനില്ല, പുതിയൊരാൾ വരണമെന്ന് മുരളീധരൻ; ആരാണയാൾ?
ഞാനില്ലേ... എന്നെ വിട്ടേക്ക്! ഉമ്മൻചാണ്ടിയ്ക്ക് പിന്നാലെ മുരളീധരനും!
വി എം സുധീരൻ രാജിവെച്ച കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് താൻ വരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കി. സുധീരന് പകരം ആളെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് നോക്കിയാകരുതെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
പ്രവര്‍ത്തകരെ ചലിപ്പിക്കുവാന്‍ കഴിയുന്നയാളാകണം നേതൃത്വത്തില്‍ വരേണ്ടത്. പുതിയ ഒരാള്‍ നേതൃത്വത്തില്‍ വരുന്നതാണ് പാര്‍ട്ടിക്ക് നല്ലത്. ഹൈക്കമാന്‍ഡിനെ കലവറയില്ലാതെ പിന്തുണക്കുന്ന നേതൃത്വമുണ്ടാകണം. പാര്‍ട്ടിയുണ്ടെങ്കില്‍ മാത്രമെ ഗ്രൂപ്പുകള്‍ ഉണ്ടാവുകയുള്ളു. ഒരിക്കല്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നത് കൊണ്ട് ഇനി ആ സ്ഥാനത്തേക്ക് താനില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി ഇരുഗ്രൂപ്പുകളും ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് മുൻ അധ്യക്ഷൻ കൂടിയായ മുരളീധരന്റ പ്രതികരണം. സുധീരന് പകരം ഉമ്മൻചാണ്ടിയെ പരിഗണിച്ചെങ്കിലും ആദ്യമേ തന്നെ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. താൽക്കാലിക ചുമതല നൽകുന്നത് സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരൻ അറിയിച്ചു.