സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തില്‍ അധിക വരുമാനം തേടി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകളില്‍ കുടിശ്ശിക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ മൂലം അത് വൈകുന്ന സാഹചര്യമാണുള്ളതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ 60 ലക്ഷം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. പ്രതിവര്‍ഷം 9,000 കോടി രൂപയാണ് ഇതിനായി വേണ്ടിവരുന്നത്. സാമൂഹിക പെന്‍ഷന്‍ ഇനത്തില്‍ നാമമാത്രമായ സഹായമാണ് കേന്ദ്രത്തില്‍ നിന്നുമുള്ളത്. അതുപോലും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണുള്ളത്. എങ്കിലും പെന്‍ഷന്‍ കൃത്യമായി നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി പറയുന്നു.
അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും വരുമാനം അധികം സൃഷ്ടിക്കാനായി മണലും തുരുമ്പുമെല്ലാം വില്‍ക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനമെത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 10 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് മണല്‍ വാരലിന് അനുമതി നല്‍കിയ തീരുമാനത്തിന്റെ മേലാണ് പ്രതികരണം. അതേസമയം സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ മദ്യ വില വര്‍ധിക്കും. ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ഡി എ കുടിശികയില്‍ ഒരു ഗഡൂ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചത് വഴി 50 കോടി രൂപ അധിക വരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.