Nipah Virus: വവ്വാലുകളെ കൊന്നൊടുക്കിയാല്‍ നിപ വൈറസിനെ തുടച്ചുനീക്കാന്‍ സാധിക്കുമോ? മാരക രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം
ദശലക്ഷകണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്
Nelvin Wilson / nelvin.wilson@webdunia.net
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് നിപ വൈറസ്. പിന്നീട് ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എത്തുന്നു. എന്നാല്‍ കോവിഡില്‍ നിന്ന് വ്യത്യസ്തമായി നിപയുടെ രോഗവ്യാപന സാധ്യത വളരെ കുറവാണ്. അതായത് കോവിഡ് പോലെ പടര്‍ന്നുപിടിക്കുന്ന മഹാമാരിയല്ല നിപ. മറിച്ച് കൃത്യമായ മുന്‍കരുതലുകള്‍ ഉണ്ടെങ്കില്‍ തുടച്ചുനീക്കാന്‍ സാധിക്കുന്ന ഒരു രോഗമാണ്. അതേസമയം നിപയുടെ മരണനിരക്ക് ഭയപ്പെടുത്തുന്നതാണ്. ഏതാണ്ട് 40 മുതല്‍ 75 ശതമാനം വരെയാണ് നിപയുടെ മരണനിരക്ക്. രോഗം ബാധിച്ച വ്യക്തിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെ വേണം നിപയെ നേരിടാന്‍.
നിപ രോഗലക്ഷണങ്ങള്‍
ശക്തമായ പനിയാണ് നിപയുടെ പ്രധാന ലക്ഷണം. ശ്വാസംമുട്ടല്‍, തലവേദന, ശക്തമായ ശരീരവേദന, കഫക്കെട്ട്, തൊണ്ടവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും. രോഗം മൂര്‍ച്ഛിക്കുന്നതിനു അനുസരിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കല്‍, കോമ അവസ്ഥ, അപസ്മാരം, തലച്ചോറില്‍ നീര്‍ക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും. വൈറസ് ശരീരത്തില്‍ എത്തിയതിനു ശേഷം നാല് മുതല്‍ പതിനാല് വരെ ദിവസങ്ങളിലാണ് രോഗലക്ഷണങ്ങള്‍ കാണിക്കുക. പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ അവസ്ഥ അതീവ ഗുരുതരമാകും.
നിപ വൈറസിന്റെ ഉത്ഭവം
ദശലക്ഷകണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്. പ്രധാനമായും പഴംതീനി വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്. വവ്വാലുകളില്‍ നിന്ന് പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും നിപ വൈറസ് എത്തിയെന്നാണ് കരുതപ്പെടുന്നത്. 1998 ല്‍ മലേഷ്യയില്‍ പന്നികളില്‍ അസാധാരണമായ ഒരു അസുഖം കാണപ്പെട്ടു. പന്നി ഫാമിന് ചുറ്റുമായുള്ള മാവുകളില്‍ പഴംതീനി വവ്വാലുകള്‍ ധാരാളമുണ്ടായിരുന്നു. വവ്വാലുകള്‍ കഴിച്ച മാമ്പഴ അവശിഷ്ടങ്ങള്‍ പന്നികള്‍ ഭക്ഷിച്ചു. വവ്വാലുകളില്‍ നിന്നാണ് പന്നികള്‍ക്ക് വൈറസ് ബാധയുണ്ടാകുന്നത്. പന്നികളില്‍ നിന്ന് ഫാമിലെ ജോലിക്കാര്‍ക്കും രോഗബാധയുണ്ടാകുന്നു. പന്നികളില്‍ കഫക്കെട്ട് ആയിരുന്നു പ്രധാന ലക്ഷണമെങ്കില്‍ ഫാം ജീവനക്കാരില്‍ കടുത്ത പനിയാണ് കാണപ്പെട്ടത്. ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് രോഗനിര്‍ണയം നടക്കുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ച ആളുകളുടെ നട്ടെല്ലില്‍ നിന്നുള്ള സ്രവം ശാസ്ത്രജ്ഞന്‍മാര്‍ പരിശോധിച്ചു. അങ്ങനെയാണ് നിപ വൈറസ് തിരിച്ചറിയുന്നത്. രോഗനിര്‍ണയത്തിനു ശേഷം ആയിരകണക്കിനു പന്നികളെ കൊന്നൊടുക്കാന്‍ മലേഷ്യല്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇക്കാലയളവില്‍ മലേഷ്യയില്‍ മൂന്നൂറിലേറെ പേര്‍ക്ക് രോഗബാധയുണ്ടായെന്നും നൂറിലേറെ പേര്‍ മരിച്ചെന്നുമാണ് കണക്ക്.
കോവിഡല്ല നിപ, രോഗവ്യാപന തോത് വളരെ കുറവ്
നിപയുടെ വ്യാപനതോത് കോവിഡില്‍ നിന്ന് വ്യത്യസ്തമാണ്. കോവിഡ് ബാധിച്ച ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേര്‍ക്ക് കോവിഡ് ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിപയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ രോഗം ബാധിച്ച ഒരാളില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുള്ളത് ശരാശരി 0.4 പേര്‍ക്കാണ്. അതായത് 10 നിപ രോഗികളില്‍ നിന്ന് മൂന്നോ നാലോ പേര്‍ക്ക് മാത്രമാണ് നിപ ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് ഐഎംഎ കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗമായ ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു. അതിനാല്‍ താനേ കെട്ടടങ്ങുകയാണ് ഇതിന്റെ രീതി. രാജ്യത്തെ മറ്റിടങ്ങളില്‍ ഇത് ശ്രദ്ധിക്കപ്പെടാതെ, കണ്ടുപിടിക്കാതെ പോകുന്നതും ഇതുമൂലമായിരിക്കാം.
' കോവിഡില്‍ നിന്ന് വ്യത്യസ്തമായി ശരീര സ്രവങ്ങളില്‍ നിന്നാണ് നിപ പകരുന്നത്. രോഗിയുടെ സ്രവങ്ങള്‍ മറ്റൊരാളുടെ ശരീരത്തില്‍ എത്തിയാല്‍ രോഗം പകരാനുള്ള സാധ്യതയുണ്ട്. അതിനാലാണ് രോഗിയുമായി അടുത്ത് ഇടപഴുകുന്നവര്‍ക്ക്, പരിചരിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത വര്‍ധിക്കുന്നത്. അതേസമയം കോവിഡ് പോലെ വായുവിലൂടെ ഇത് എളുപ്പം പകരില്ല,' ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു.
യഥാര്‍ഥ ഉറവിടം കണ്ടെത്തണം
കേരളത്തില്‍ ഉണ്ടായി വരുന്ന നിപ രോഗബാധയുടെ യഥാര്‍ഥ മെക്കാനിസം കണ്ടെത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് ഡോ.രാജീവ് ജയദേവന്‍ അഭിപ്രായപ്പെട്ടു. ആദ്യ ഔട്ട്ബ്രേക്കില്‍ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത ഇന്‍ഡെക്സ് കേസിന് കൃത്യമായി എങ്ങനെയാണ് വൈറസ് ബാധയേറ്റതെന്ന് ഇപ്പോഴും വ്യക്തമല്ല. വെറും ആഭ്യൂഹങ്ങളാണ് നിലവിലുള്ളത്. വവ്വാലില്‍ നിന്നാണെന്ന് അറിയാമെങ്കിലും ഏത് തരത്തിലാണ് വൈറസ് വവ്വാലില്‍ നിന്നും മനുഷ്യനിലേക്ക് 'ജംപ് ചെയ്തതെന്ന്' വ്യക്തമല്ല. ഈ മൂലകാരണം കണ്ടെത്തുകയാണ് ചെയ്യേണ്ടത്, എങ്കിലേ അതിനെ ശാസ്ത്രീയമായി പ്രതിരോധിക്കാനാവൂ. ഇല്ലെങ്കില്‍ ഓരോ ഔട്ട്ബ്രേക്ക് ഉണ്ടാകുമ്പോഴും നമ്മള്‍ കോണ്ടാക്ട് ട്രേസ് നടത്തി പ്രതിരോധിക്കാന്‍ മാത്രം ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീ ഉണ്ടാകാതെ നോക്കുന്നതാണല്ലോ ഓരോ തവണയും തീ കെടുത്താന്‍ ശ്രമിക്കുന്നതിലും നല്ലത്.
നിപയെ ഇല്ലാതാക്കാന്‍ വവ്വാലുകളെ തൊടരുത് !
വവ്വാലുകളെ കൊന്നൊടുക്കിയാല്‍ നിപയെ പ്രതിരോധിക്കാമല്ലോ എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ അങ്ങനെ ചെയ്താല്‍ നിപയേക്കാള്‍ അപകടകാരികളായ വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റും ആരോഗ്യ വിദഗ്ധനുമായ ഡോ.സുല്‍ഫി നൂഹു പറയുന്നത്. ആയിരക്കണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്. അതിനെ അടിച്ചോടിക്കാന്‍ ശ്രമിച്ചാല്‍ ആ വൈറസുകളെല്ലാം ചിതറിക്കപ്പെടും. പിന്നീട് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ വളരെ എളുപ്പമാണ്. വവ്വാലുകളെ ഇല്ലാതാക്കിയാല്‍ നിപയെ പ്രതിരോധിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതൊരു മണ്ടത്തരമാണ്. നിപയേക്കാള്‍ ഭീകരന്‍മാരായ വൈറസുകളെ അടക്കം സംവഹിക്കുന്നവരാണ് വവ്വാലുകളെന്നും ഡോ.സുല്‍ഫി നൂഹു പറഞ്ഞു.
കേരളത്തിലെ ആരോഗ്യ സംവിധാനം വളരെ മെച്ചപ്പെട്ടത്
കോവിഡ്, നിപ പോലെയുള്ള അസുഖങ്ങള്‍ വരുമ്പോള്‍ അതിനെ കൃത്യമായി തിരിച്ചറിയാനും പ്രതിരോധിക്കാനും കേരളത്തിനു സാധിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യ മേഖല വളരെ ഉന്നതനിലവാരം പുലര്‍ത്തുന്നത് കാരണമാണ് ഇത്. രോഗങ്ങളെ കുറിച്ചും അതിനെ പ്രതിരോധിക്കേണ്ടതിനെ കുറിച്ചും കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായ അവബോധമുണ്ട്. പൊതുജനങ്ങള്‍ക്ക് ആരോഗ്യത്തെ കുറിച്ച് ബോധമുള്ളതുകൊണ്ടാണ് ഇതൊക്കെ ഇവിടെ സാധ്യമാകുന്നത്. കേരളത്തിലെ ഏറ്റവും മികവുറ്റ ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും ഇന്ത്യയിലെ തന്നെ വേറൊരു സംസ്ഥാനത്തേക്ക് ഇതേ പോലെ ഷിഫ്റ്റ് ചെയ്താല്‍ തന്നെ അവിടെ കാര്യങ്ങള്‍ അത്ര മികച്ച രീതിയില്‍ നടക്കണമെന്നില്ല. ജനങ്ങള്‍ക്കുള്ള അവബോധമാണ് അതിനു പ്രധാന കാരണമെന്നും ഡോ.സുല്‍ഫി നൂഹു പറഞ്ഞു.
നിപ എപ്പോള്‍ രാജ്യവ്യാപകമാകും?
നിപ കോവിഡ് പോലെ രാജ്യവ്യാപകമാകുന്ന ഒരു അവസ്ഥ ഉണ്ടാകില്ല. അടുത്ത ജില്ലകളിലേക്ക് പോലും രോഗവ്യാപനം നടക്കാന്‍ സാധ്യത കുറവാണെന്നും ഡോ.സുല്‍ഫി നൂഹു പറയുന്നു. നിപയുടെ ഇന്‍ഫെക്റ്റിവിറ്റി അഥവാ വ്യാപന തോത് വളരെ വളരെ കുറവ്. മരണനിരക്ക് വളരെ കൂടുതലും. അതുകൊണ്ടുതന്നെ ഇപ്പോള്‍ വേണ്ടത് സമ്പര്‍ക്ക പട്ടികയിലെ എല്ലാ ആള്‍ക്കാര്‍ക്കും കൃത്യമായ കരുതലും ശുശ്രൂഷയും നല്‍കുകയാണ്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി രോഗിയുമായി അടുത്ത് ഇടപെട്ടവരെ ക്വാറന്റൈന്‍ ചെയ്യിപ്പിക്കുകയാണ് രോഗനിയന്ത്രണത്തിനു അത്യാവശ്യമായി ചെയ്യേണ്ട കാര്യം. വവ്വാലുകളുമായി ഇടപെടാന്‍ സാധ്യതയുള്ളവര്‍ അതിന്റെ മൂത്രം , വിസര്‍ജ്യം ഉമിനീര്‍ മുതലായവയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള ആഹാരസാധനങ്ങള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, കള്ള് മുതലായവ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും സുല്‍ഫി നൂഹു കൂട്ടിച്ചേര്‍ത്തു.
പഴങ്ങള്‍ കഴിക്കാമോ?
നിപയെ പേടിച്ച് ഫ്രൂട്ട്‌സ് പൂര്‍ണമായും ഒഴിവാക്കണം എന്നില്ല. പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി. വവ്വാലുകള്‍ കൊത്തിയ പഴം, അല്ലെങ്കില്‍ അവ പഴങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ സ്രവങ്ങള്‍ പുരണ്ട പഴം എന്നിവ അലക്ഷ്യമായി കഴിക്കുന്നത് വൈറസ് പകരാന്‍ ഇടയാക്കും. പഴതീനി വവ്വാലുകള്‍ എത്തുന്ന മരങ്ങളില്‍ കയറുന്നവരും സൂക്ഷിക്കണം. പന, തെങ്ങ് പോലുള്ളവയില്‍ നിന്നെടുക്കുന്ന കള്ളും വൈറസ് പകരാനുള്ള മറ്റൊരു സാധ്യതയാണ്. പഴങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് വൃത്തിയായി കഴുകണം. പക്ഷികള്‍ കൊത്തിയതോ, തൊലിപ്പുറമെ നഖം, കൊക്ക് എന്നിവ കൊണ്ട പാടുകള്‍ ഉള്ളതോ ആയ പഴങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കുക. പേരയ്ക്ക, മാമ്പഴം പോലുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ തൊലി ചെത്തി കളയാനും ശ്രദ്ധിക്കണം.
നിപ പരിശോധന കേരളത്തില്‍
കേരളത്തില്‍ രണ്ട് ലാബുകളില്‍ നിപ വൈറസ് സ്ഥിരീകരണം നടത്താനുള്ള സൗകര്യമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബിഎസ്എല്‍ ലെവല്‍ 2 സൗകര്യമുണ്ട്. അതായത് നിപ സംശയം ഉണ്ടെങ്കില്‍ സ്രവ സാംപിളുകള്‍ പെട്ടന്ന് തന്നെ പരിശോധിച്ച് രോഗ സ്ഥിരീകരണം നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയും. തോന്നയ്ക്കലില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും നിപ പരിശോധന നടത്താന്‍ സാധിക്കും. എന്നാല്‍ സാങ്കേതികമായി സംസ്ഥാനത്ത് തന്നെ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ സാധിക്കില്ല. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിപ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ സാധിക്കുകയെന്നും കേരളത്തില്‍ തന്നെ സ്ഥിരീകരണം നടത്താനുള്ള അനുമതിക്കായി ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
നിപ കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍
0495 2383100
0495 2383101
0495 2384100
0495 2384101
0495 2386100