'അയലത്തെ പട്ടിയുമായി അവിഹിതം'; ഉപേക്ഷിക്കപ്പെട്ട നായ്ക്കുട്ടിക്ക് യജമാനനായി
തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയാണ് നായ്ക്കുട്ടിയെ ദത്തെടുത്തത്.
‘അവിഹിത ബന്ധം’ ആരോപിച്ച് തെരുവില്‍ ഉപേക്ഷിച്ച പട്ടിക്കുട്ടിക്ക് പുതിയ ഉടമസ്ഥനായി. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയാണ് നായ്ക്കുട്ടിയെ ദത്തെടുത്തത്. പപ്പിക്കുട്ടിയെന്ന് പേരിട്ട നായ്ക്കുട്ടി ഇപ്പോൾ കുടുംബത്തിലെ ഏവർക്കും പ്രിയങ്കരിയാണ്.
ഒരാഴ്ച മുൻപാണ് പേട്ട ആനയറയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെ കണ്ടത്. സംഭവമറിഞ്ഞെത്തിയ പീപ്പിൾ ഫോർ ആനിമൽസ് പ്രവർത്തക ഷമീം നായയെ വീട്ടിലെത്തിച്ചു. അപ്പോഴാണ് നായയുടെ കഴുത്തിൽ വിചിത്രമായ കത്ത് കണ്ടത്. കത്ത് വായിച്ചപ്പോഴാണ് അവിഹിത കഥയുടെ ചുരുളഴിഞ്ഞത്.
നല്ല ഒന്നാംതരം ഇനമാണ്. കുര മാത്രമേയുള്ളു. മൂന്നുവർഷമായി ആരെയും കടിച്ചിട്ടില്ല. അടുത്ത ഒരു പട്ടിയുമായി അവിഹിതബന്ധം കണ്ടതുകൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് എന്നായിരുന്നു കത്തിൽ. നായയുടെ ഭക്ഷണ മെനു ഉൾപ്പെടെ കത്തിലുണ്ടായിരുന്നു.
മാധ്യമവാർത്തകളെ തുടർന്ന് നാൽപതിലേറെ പേരാണ് നായയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ചത്. ഒടുവിൽ മൃഗസ്നേഹിയായ സജിയുടെ കൈകളിൽ എത്തിപ്പെട്ടതോടെ എല്ലാത്തിനും ശുഭപര്യവസാനമായി.