സാമ്പത്തിക തട്ടിപ്പ് കേസിൽ നെടുങ്കണ്ടം പൊലീസ് കസ്‌റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രനെതിരെ അന്വേഷണം.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കാതിരുന്നതെന്തിനാണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നെടുങ്കണ്ടം മജിസ്‌ട്രേറ്റ് അവധിയായതിനാലാണ് ഇടുക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ രാജ്കുമാറിനെ ഹാജരാക്കിയത്. നടക്കാന്‍ കഴിയാതെ അവശനിലയിലായിരുന്ന രാജ്കുമാറിനെ പോലീസ് വാഹനത്തിന് അടുത്ത് എത്തിയാണ് മജിസ്‌ട്രേറ്റ് കണ്ടത്.
അതേസമയം, കേസിൽ കുറ്റക്കാരായ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു.
കസ്റ്റഡിമരണക്കേസ് ഗൗരവമുള്ളതാണ്. അത് ആ തരത്തിൽ തന്നെ കൈകാര്യം ചെയ്യും. ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. ലോക്കപ്പ് മരണക്കേസിൽ കുറ്റക്കാരായവര്‍ ആരും സര്‍വീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.