Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒരു കാരണവശാലും വാഹനങ്ങളില്‍ കൂളിങ് ഫിലിം അനുവദിക്കില്ല: എം.വി.ഡി.

ഒരു കാരണവശാലും വാഹനങ്ങളില്‍ കൂളിങ് ഫിലിം അനുവദിക്കില്ല: എം.വി.ഡി.
, ഞായര്‍, 12 ജൂണ്‍ 2022 (14:53 IST)
വാഹനങ്ങളില്‍ ഒരു കാരണവശാലും കൂളിങ് ഫിലിം അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്. കൂളിങ് ഫിലിം ഒട്ടിച്ചത് കണ്ടുപിടിക്കാന്‍ ഓപ്പറേഷന്‍ സുതാര്യം തുടരുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. 
 
കൂളിങ് ഫിലിം ഉപയോഗത്തെ കുറിച്ച് എം.വി.ഡി. പറയുന്നത് ഇങ്ങനെ 
 
*കൂളിംഗ് ഫിലിം അത്ര 'കൂള്‍ ' അല്ല* 
 
വാഹനങ്ങള്‍ക്കുള്ളില്‍ ഒരു കുളിര്‍മ കിട്ടും എന്ന വിശ്വാസത്തില്‍ വിഷന്‍ ഗ്ലാസ്സുകളില്‍ കൂളിംഗ് ഫിലിമുകള്‍ എന്ന പേരില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണല്ലോ ? ഇത് നിയമപരമായി തെറ്റായ ഒരു പ്രവൃത്തിയാണെന്ന് നമ്മിലെത്രപേര്‍ക്ക് അറിയാം ? സംശയമാണ്.
 
ഇനി സംശയം വേണ്ട. ഇതൊരു കൃത്യമായ ഒരു നിയമലംഘനം തന്നെയാണെന്ന് എല്ലാ വാഹന ഉടമകളും ഉപയോക്താക്കളും ഇനിയെങ്കിലും മനസ്സിലാക്കുക. നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ഇത്തരം ഫിലിമുകള്‍ തങ്ങളുടെ വാഹനങ്ങളില്‍ അല്ലെങ്കില്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ ഉണ്ടെങ്കില്‍ അത് ഒരു നിയമലംഘനമാണെന്ന് അറിഞ്ഞ്, കഴിവതും വേഗം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക.
 
പുതുതലമുറ വാഹനങ്ങളിലെ ഗ്ലാസ്സുകള്‍, പഴയ തലമുറ വാഹനങ്ങളെ അപേക്ഷിച്ച് വിശാലവും പൂര്‍ണ്ണമായും സുതാര്യവുമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. അപകട സാദ്ധ്യത കൂടുതലായ റോഡ് യാത്രാ സാഹചര്യങ്ങളില്‍, റോഡ് ഉപയോക്താക്കളുടെ ആകമാനസുരക്ഷയ്ക്ക് ഡ്രൈവറുടെ തടസങ്ങളില്ലാത്ത കാഴ്ച വളരെ പ്രധാനമായ  സംഗതിയാണ് എന്ന് തിരിച്ചറിഞ്ഞാണ് അവ അത്തരത്തില്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഒപ്പം ഒരു അപകടത്തില്‍ യാത്രക്കാര്‍ക്കും മറ്റു റോഡുപയോക്താക്കള്‍ക്കും സംഭവിക്കാവുന്ന പരിക്കുകള്‍ മരണകാരണങ്ങള്‍ ചുരുക്കുക എന്നതും പരിഗണിച്ചാണ് അവയുടെ രൂപകല്പന എന്നറിയുക.
 
പ്രധാനമായും രണ്ട് തരത്തിലുള്ള ചില്ലുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. മുന്‍ വശത്തെ ഗ്ലാസ്സുകള്‍ ലാമിനേറ്റഡ് തരത്തിലും വശങ്ങളിലേയും പിന്നിലേയും ഗ്ലാസ്സുകള്‍ ടഫന്‍ഡ് ഗ്ലാസ്സുകളും ആയിരിക്കും. മുന്‍പിന്‍ ഗ്ലാസ്സുകളെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സുകള്‍ എന്നും പറയും. കാരണം വാഹനം മുന്നിലേയ്‌ക്കോ പിന്നിലേയ്‌ക്കോ ചലിക്കുമ്പോള്‍ അതിമര്‍ദ്ദത്തില്‍ വന്നിടിക്കുന്ന വായുവിനേയും പ്രതിരോധിക്കുക എന്നതുമുണ്ട് അവയുടെ കര്‍ത്തവ്യം. മുന്‍ വശത്തെ വിന്‍ഡ് ഷീല്‍ഡ്, രണ്ട് പാളി ഗ്ലാസ്സുകള്‍ ഒട്ടിച്ചു ചേര്‍ത്ത് വച്ച് ലാമിനേറ്റ് ചെയ്തതിനാലാണ് അതിനെ ലാമിനേറ്റഡ് ഗ്ലാസ്സ് എന്ന് പറയുന്നത്. ഇത് മുന്നില്‍ നിന്ന് അടിക്കുന്ന വായുവിന്റെ അതിമര്‍ദ്ദത്തെ അതിജീവിക്കുവാന്‍ സഹായിക്കുന്നു. കൂടാതെ ചെറിയ കല്ലുകളോ ഉറപ്പുള്ള എന്തെങ്കിലും വസ്തുവോ ഗ്ലാസ്സില്‍ തട്ടിയാല്‍ അതിന്റെ ബലം ഒരു പരിധി താങ്ങാനും ഈ ലാമിനേഷന്‍ സഹായിക്കുന്നു. 
 
കൂടാതെ ഗ്ലാസ്സ് പൊട്ടുകയാണെങ്കില്‍ അത് പൊട്ടിച്ചിതറാതെ നില്‍ക്കുകയും മുന്നില്‍ വന്നിടിക്കുന്ന ഉറപ്പുള്ള വസ്തു, ഡ്രൈവര്‍ക്കോ യാത്രക്കാര്‍ക്കോ നേരെ ഉള്ളിലേയ്ക്ക് വരാതെ ഒരു ഷീല്‍ഡ് അഥവാ പരിചയായി തടയുന്നതിനും ഈ ലാമിനേഷന്‍ സഹായിക്കുന്നു. ഇനി വശങ്ങളിലേയും പിറകിലേയും ഗ്ലാസ്സുകള്‍ക്ക് പക്ഷെ ഇത്തരത്തിലുള്ളവ അല്ല. അവ ഉറപ്പുള്ള വസ്തുക്കളുടെ ആഘാതത്തില്‍ കൂര്‍ത്ത അറ്റങ്ങള്‍ ഇല്ലാത്ത തരികളായി പൊടിഞ്ഞു വീഴുന്നത് നാം കണ്ടിട്ടുണ്ടാകും. ഇതും യാത്രക്കാര്‍ക്കോ ഇതില്‍ വന്നിടിക്കുന്നവര്‍ക്കോ  അധികം പരിക്കേല്‍പ്പിക്കാതെ രക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ നിന്നും ആള്‍ക്കാരെ, ഗ്ലാസ്സ് ചില്ലുകള്‍ കൊണ്ടുള്ള പരിക്കേല്‍ക്കാതെ പുറത്തിറക്കുന്നതിനും ഉപകാരപ്പെട്ടേയ്ക്കാം. കൂളിംഗ് ഫിലിമുകള്‍ ഒട്ടിച്ച ജനാല ചില്ലുകള്‍ ഒരു പക്ഷെ ഇത്തരത്തിലുള്ള റെസ്‌ക്യൂ ഓപ്പറേഷനുകള്‍ക്ക് തടസ്സമായേക്കാം. വലിയ വില നല്‍കേണ്ടി വരുന്ന 'ചെറിയ' കുറ്റമാവാം ഈ സ്റ്റിക്കറുകള്‍.
 
അതിനാല്‍ ഇത്തരത്തില്‍ വിവിധ ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് ഡിസൈന്‍ ചെയ്ത് ഫിറ്റ് ചെയ്തിട്ടുള്ള  ചില്ലുകളില്‍ ഇത്തരത്തില്‍ 'കൂളിംഗ് ഫിലിമുകള്‍' പതിക്കുന്നത് നിയമപരമായി തന്നെ നിരോധിച്ചിട്ടുള്ളതാണ്. കൂടാതെ സാമൂഹികസുരക്ഷ (പ്രത്യേകിച്ചും സ്ത്രീകളുടേയും കുട്ടികളുടേയും) മുന്‍നിര്‍ത്തി സുപ്രീം കോടതി തന്നെ പ്രത്യേക വിധിയിലൂടെ കര്‍ശനമായി നിരോധിച്ചിട്ടുള്ള ഒന്നുമാണെന്നും അറിയുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

What is melanophobia: കറുപ്പ് നിറത്തോട് അസാധാരണ പേടി, അതൊരു രോഗമാണ്; അറിഞ്ഞിരിക്കാം 'മെലാനോഫോബിയ'യെ കുറിച്ച് അറിഞ്ഞിരിക്കാം