കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യകണ്ണി മുഖ്യമന്ത്രിയാണെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവുന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പീക്കപ്പ് കേരള ക്യാമ്പയിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വിശ്വസനീയമായ ഉറവിടത്തില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണം.അല്ലെങ്കില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ദേശദ്രോഹ തെളിവുകളുണ്ടായിട്ടും നടപടിയെടുക്കാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ തയ്യാറാകുന്നില്ല. ഡല്‍ഹിയില്‍ വി.മുരളീധരന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കില്‍ തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസും. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഒരുവാക്കു പറയുന്നതിന് പകരം പന്ത്രണ്ട് മണിക്കൂര്‍ ഡല്‍ഹിയില്‍ പ്രഹസന നിരാഹാരസമരം നടത്തിയ കേന്ദ്രമന്ത്രി വി.മുരളീധരന്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ്.ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ ഭാഗമാണ് ഈ ഒളിച്ചുകളിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.