സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്പേസ് പാര്‍ക്കിലെ നിയമനം തനിക്കറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴിയിലൂടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് തെളിയിക്കുന്നതാണ്. കുറ്റവാളികള്‍ക്ക് ഒളിക്കാനുള്ള ലാവണമല്ല തന്റെ ഓഫീസെന്നാണ് അന്ന് മുഖ്യമന്ത്രി ഈ വിവാദത്തോട് പ്രതികരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് കടകവിരുദ്ധമായ മൊഴിയാണ് സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്നത്.
ഇതിലെ സത്യാവസ്ഥ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ആറ് തവണ മുഖ്യമന്ത്രിയെ കണ്ടത് ശിവശങ്കറിനൊപ്പമാണെന്നും അദ്ദേഹത്തെ മുന്‍ പരിചയമുണ്ടെന്നും മൊഴിയില്‍ സ്വപ്ന വ്യക്തമാക്കുന്നുണ്ട്.ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.സ്വപ്നയുടെ മൊഴി പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും ചോദ്യം ചെയ്യപ്പെടുകയാണ്. സ്വപ്ന സുരേഷിന്റെ വഴിവിട്ട നിയമനവുമായി ബന്ധപ്പെട്ട് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവും എങ്ങും എത്തിയിട്ടില്ല. ഇത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൊണ്ടാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.