ആലുവയിൽ മൂന്ന് വയസുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ അമ്മയ്‌ക്കും അച്ഛനുമെതിരെ വധശ്രമത്തിനു കേസെടുത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി.
കുട്ടിയെ ക്രൂരമായി മര്‍ദിച്ചത് അമ്മയാണെന്നാണ് സൂചന. അനുസരണക്കേടിനു ശിക്ഷിച്ചതാണെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് ഇവര്‍ പൊലീസിനോട് വിശദമാക്കി. കുട്ടിയുടെ അമ്മ ജാർഖണ്ഡും അച്ഛൻ ബംഗാൾ സ്വദേശിയുമാണ്.
ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം, കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. നില അതീവഗുരുതരമായി തുടരുകയാണ്. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കുട്ടി വെന്‍റിലേറ്ററിൽ തുടരുകയാണ്.