'എന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു'; ആനക്കൊമ്പുകേസിൽ വനംവകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്നു കാണിച്ച് കഴിഞ്ഞമാസമാണ് പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആനക്കൊമ്പ് കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയിൽ. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിനു മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്നു കാണിച്ച് കഴിഞ്ഞമാസമാണ് പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കെതിരെ നല്‍കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കുന്നതല്ല. ഈയൊരു സംഭവത്തിലൂടെ പൊതുജന മധ്യത്തില്‍ എന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ മുഖ്യ വനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്പാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു മോഹന്‍ലാല്‍ സത്യവാങ്മൂലം നല്‍കിയത്.
2012-ലാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.