കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് സാക്ഷിമൊഴി; മൊഴികളിൽ വൈരുധ്യം; കൂടെയുണ്ടായിരുന്ന സ്ത്രീയെ വൈദ്യപരിശോധന നടത്താതെ വിട്ടയച്ചെന്ന് ആക്ഷേപം; പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച
വാഹനമോടിച്ചത് താനല്ല സുഹൃത്ത് വഫയാണെന്നാണ് ശ്രീറാമും വഫയും മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ തലസ്ഥാനത്തെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് അദ്ദേഹത്തെ ആദ്യം കൊണ്ടുപോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തിയെങ്കിലും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് പൊലീസ് തയ്യാറായില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചപ്പോള്‍ ശ്രീറാം സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാഹനമോടിച്ചത് താനല്ല സുഹൃത്ത് വഫയാണെന്നാണ് ശ്രീറാമും വഫയും മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ തലസ്ഥാനത്തെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സുഹൃത്താണ് വാഹനമോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായി. സുഹൃത്ത് വഫയെ മെഡിക്കല്‍ പരിശോധന നടത്താന്‍ തയ്യാറാകാതിരുന്ന പൊലീസ് സംഭവ സ്ഥലത്ത് നിന്ന് ഇവരെ ടാക്‌സിയില്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നാല് മണിക്കൂറിന് ശേഷം ഇവരെ വിളിച്ച് വരുത്തി പരിശോധന നടത്തുകയായിരുന്നു. പൊലീസ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആറില്‍ കാറോടിച്ചതാരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം പരിശോധിച്ച ശേഷം രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.