Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കാണാതായ ‘ഗർഭിണി’ ഗർഭിണി അല്ല, ബന്ധുവിനെ വിളിച്ച് ‘ഞാൻ സേഫ് ആണെന്ന്’ ഷംന പറഞ്ഞു! - ഒന്നും മനസ്സിലാകാതെ ഭർത്താവ്

ഷംന ഗർഭിണി അല്ല, കൂടെ താമസിച്ച ഭർത്താവിന് സത്യം അറിയില്ലായിരുന്നോ? - വിശ്വസിക്കാനാകാതെ പൊലീസ്

കാണാതായ ‘ഗർഭിണി’ ഗർഭിണി അല്ല, ബന്ധുവിനെ വിളിച്ച് ‘ഞാൻ സേഫ് ആണെന്ന്’ ഷംന പറഞ്ഞു! - ഒന്നും മനസ്സിലാകാതെ ഭർത്താവ്
, വെള്ളി, 20 ഏപ്രില്‍ 2018 (08:01 IST)
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ യുവതി ഗര്‍ഭിണിയല്ലെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞു. കരുനാഗപ്പള്ളിയില്‍ നിന്നാണ് വര്‍ക്കല മടവൂര്‍ സ്വദേശിയായ ഷംനയെ കണ്ടെത്തിയത്. യുവതിയെ കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാരാണ് പൊലീസിൽ വിവരമറിയിച്ചത്.
 
പൊലീസിനു കൈമാറിയ യുവതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയില്‍ യുവതിക്ക് ഗര്‍ഭമില്ലെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. 
 
ചൊവ്വാഴ്ച രാവിലെ 11.30നാണ് വര്‍ക്കല മടവൂര്‍ സ്വദേശിനിയായ ഷംന(21)യെ ആശുപത്രിയില്‍ നിന്ന് കാണാതായത്. പക്ഷേ, ഷംന ഗർഭിണി അല്ലെന്ന് തെളിഞ്ഞതോടെ അന്തംവിട്ടത് പൊലീസാണ്. ഈ എട്ടു മാസക്കാലം ഗർഭിണിയാണെന്ന് പറഞ്ഞ് പറ്റിച്ചപ്പോൾ ബന്ധുക്കൾക്കും വീട്ടുകാർക്കും പരിശോധിച്ച ഡോക്ടർക്കും ഇതൊന്നും മനസ്സിലായില്ലേയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.
 
ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പം ആശുപത്രിയിലെത്തിയ ഷം‌ന ലേബര്‍ റൂമിന് സമീപത്തെ മുറിയിലേക്ക് പരിശോധനകള്‍ക്കായി പോയെങ്കിലും പിന്നീട് തിരികെയെത്തിയില്ല. ഭര്‍ത്താവ് അന്‍‌ഷാദും മാതാപിതാക്കളും അന്വേഷിച്ചെങ്കിലും ഷം‌നയെ ആശുപത്രിയില്‍ കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഷം‌ന മിസിംഗാണെന്ന് കണ്ടെത്തുകയായിരുന്നു.  
 
പ്രസവത്തിനായി അഡ്മിറ്റാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അവസാനവട്ട പരിശോധനകള്‍ക്കായി ലേബര്‍ റൂമിന് സമീപത്തെ മുറിയിലേക്ക് പോകുകയായിരുന്നു. അവിടെനിന്നാണ് ഷം‌നയെ കാണാതായത്. പരിശോധനയ്ക്കായി ഷം‌ന പോയതോടെ മുറിക്ക് പുറത്ത് ഭര്‍ത്താവും ബന്ധുക്കളും കാത്തുനില്‍‌ക്കുകയായിരുന്നു. എന്നാല്‍ രണ്ടുമണിക്കൂറിന് ശേഷവും ഷംന തിരിച്ചെത്താതായതോടെ അന്വേഷിച്ചപ്പോഴാണ് ഷം‌നയെ കാണാനില്ലെന്ന് മനസിലായത്. 
 
ഷം‌നയെ കണ്ടിട്ടില്ലെന്ന് ഡോക്ടര്‍മാരും നഴ്സുമാരും അറിയിച്ചതോടെ ഏവരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ആശുപത്രിയുടെ മുക്കും മൂലയും അരിച്ചുപെറുക്കി. ഷം‌നയെ മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ഡ് ഓഫ് ആണെന്ന അറിയിപ്പാണ് ലഭിച്ചത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 
എന്നാല്‍ നിര്‍ണായകമായി സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. 12 മണിക്ക് ഷം‌ന ആശുപത്രിക്ക് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. വൈകുന്നേരം അഞ്ചേകാലോടെ ഷം‌നയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിന്‍റെ ഫോണിലേക്ക് കോള്‍ എത്തി. അന്‍‌ഷാദ് ഫോണ്‍ എടുത്തെങ്കിലും മറുതലയ്ക്കല്‍ നിന്ന് ശബ്‌ദമൊന്നുമുണ്ടായില്ല. ഉടന്‍ തന്നെ കട്ട് ആവുകയും ചെയ്തു. അഞ്ചരയോടെ ബന്ധുവായ സ്ത്രീയുടെ ഫോണിലേക്ക് ഷം‌നയുടെ ഫോണില്‍ നിന്ന് കോള്‍ എത്തി. ‘ഞാന്‍ സേഫാണ്, പേടിക്കേണ്ട’ എന്നുമാത്രം പറഞ്ഞ് കോള്‍ കട്ട് ആവുകയും ചെയ്തു. 
 
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കുമാരപുരം, ഏറ്റുമാനൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഷം‌നയുടെ ഫോണിന്‍റെ സാന്നിധ്യം കണ്ടെത്തി. എറണാകുളം നോര്‍ത്ത് റെയില്‍‌വെ സ്റ്റേഷനില്‍ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതുകണ്ടതായി ചിലര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ പിന്നീട് ഫോണ്‍ ട്രേസ് ചെയ്തപ്പോള്‍ പരിധിക്ക് പുറത്താണെന്ന് തമിഴിലുള്ള അനൌണ്‍സ്‌മെന്‍റാണ് കേട്ടത്. ഇതേത്തുടര്‍ന്ന് യുവതി വെല്ലൂരിലാണെന്ന നിഗമനത്തില്‍ പൊലീസ് അവിടേക്ക് പോയിരുന്നു.
 
എന്നാല്‍ പിന്നീട് യുവതി കേരളത്തിലേക്ക് തിരികെപ്പോയെന്ന വിവരവും ടവര്‍ ലൊക്കേഷനുകള്‍ പിന്തുടര്‍ന്നപ്പോള്‍ ലഭിച്ചു. എന്തായാലും മൂന്നുദിവസം നീണ്ടുനിന്ന ദുരൂഹതയ്ക്ക് യുവതിയെ തിരികെ ലഭിച്ചതോടെ പകുതി ശമനമായിരിക്കുകയാണ്. എങ്കിലും ഷം‌ന എന്തിനാണ് ആശുപത്രിയില്‍ നിന്ന് കടന്നതെന്നതിനെപ്പറ്റി സംശയങ്ങള്‍ തുടരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും കൂടുതല്‍ സ്‌ത്രീ പീഡനക്കേസുകള്‍ നേരിടുന്നത് ബിജെപി ജനപ്രതിനിധികള്‍ - റിപ്പോര്‍ട്ട് പുറത്ത്