‘ധിക്കാരത്തോടെ പെരുമാറി, കേന്ദ്ര മന്ത്രിയെന്ന ബഹുമാനം നല്‍കിയില്ല‘; യതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭയിൽ പൊൻ രാധാകൃഷ്ണന്‍റെ അവകാശലംഘന നോട്ടീസ്
‘ധിക്കാരത്തോടെ പെരുമാറി, കേന്ദ്ര മന്ത്രിയെന്ന ബഹുമാനം നല്‍കിയില്ല‘; യതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭയിൽ പൊൻ രാധാകൃഷ്ണന്‍റെ അവകാശലംഘന നോട്ടീസ്
ശബരിമല വിഷയത്തില്‍ എസ്‌പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണന്‍ ലോക്‍സഭയില്‍ അവകാശലംഘനത്തിനു നോട്ടിസ് നല്‍കി. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ പൊൻ രാധാകൃഷ്ണന് ഉറപ്പ് നൽകി.
ശബരിമലയിൽ ദർശനത്തിനെത്തിയതിനിടെ സൗകര്യങ്ങൾ പരിശോധിക്കുകയായിരുന്ന തനിക്ക് കേന്ദ്ര മന്ത്രിയെന്ന ബഹുമാനം യതീഷ് ചന്ദ്ര നല്‍കിയില്ല. ധിക്കാരത്തോടെ പെരുമാറിയ എസ്‌പി അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും പൊന്‍ രാധകൃഷ്‌ണന്‍ പറഞ്ഞു.
ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നു ചോദിച്ച് യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറി. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് എസ്‌പി വ്യക്തമായ മറുപടി നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ 21-നു ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പൊന്‍ രാധാകൃഷ്ണനും നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കമുണ്ടായത്.
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് കേന്ദ്രമന്ത്രി ചോദ്യം ചെയ്യുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നല്‍കി.
ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും എസ്പി ചോദിച്ചതാണു വിവാദമായത്.