തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിൽ നിന്നും പിൻമാറിയ മഞ്ജു വാര്യരെ രൂക്ഷമായ ഭാഷയിൽ വിമർഷിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല സർക്കാർ വനിതാമതിൽ സംഘടിപ്പിക്കുന്നതെന്നും വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് മഞ്ജു വ്യക്തമാക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷികണമെന്നുമാണ് നേരത്തെ മഞ്ജു വാര്യർ നിലപാട് സ്വീകരിച്ചത്. എന്നാൽ പിന്നീട് താരം പരിപടിയിൽ പങ്കെടുക്കുന്നതിൽനിന്നും പിൻമാറുകയായിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
വനിതാ മതിലിൽ മഞ്ജു വാര്യർ പങ്കെടുത്തില്ലെന്നു കരുതി ക്ഷീണമൊന്നും ഉണ്ടാകില്ല എന്നും ഒരു കലാകാരിയെന്ന നിലയിൽ അവർക്കിഷ്ടമുള്ള തീരുമാനമെടുക്കാമെന്നും നേരത്തെ വൈദ്യുത മന്ത്രി എം എം മണിയും വ്യക്തമാക്കിയിരുന്നു.