എംഡിഎംഎ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു, ഗോവയില്‍ ആഡംബര ജീവിതം; 24 കാരിയായ ആലപ്പുഴ സ്വദേശിനി പിടിയില്‍
ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കടത്തുകാരിയായി പ്രവര്‍ത്തിച്ചത് ജുമിയയാണെന്ന് പൊലീസ് പറഞ്ഞു
ലഹരിക്കടത്തിനു അറസ്റ്റിലായ ജുമി
ആഡംബര ജീവിതം നയിക്കാന്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്ന 24 കാരി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ് രണ്ട് കോടി വില വരുന്ന ലഹരി മരുന്നുമായി പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്. വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന സംഘത്തെ പിടികൂടിയതിനു പിന്നാലെയാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്ന ജുമിയിലേക്ക് അന്വേഷണം എത്തിയത്.
ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കടത്തുകാരിയായി പ്രവര്‍ത്തിച്ചത് ജുമിയയാണെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി ഇതിലൂടെ സമ്പാദിക്കുന്ന പണംകൊണ്ട് ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു. ഹോട്ടലില്‍ മുറിയെടുത്ത് ഇവിടങ്ങളില്‍ ദിവസങ്ങളോളം താമസിച്ചിരുന്നു.
മേയ് 19 നാണ് കേസിനു ആസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് രണ്ട് കോടിയില്‍ അധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജിയെ ബെംഗളൂരുവില്‍ നിന്നും രണ്ടാം പ്രതി പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനെ കുമളിയില്‍ നിന്നും പിടികൂടിയിരുന്നു.
ഷൈന്‍ ഷാജിയെ ചോദ്യം ചെയ്തപ്പോഴാണ് ജുമിയ്ക്ക് ലഹരിക്കടത്തില്‍ ഉള്ള ബന്ധം അന്വേഷണ സംഘം മനസിലാക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കടത്തുകാരിയായി ജുമി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസിലെ രണ്ട് പ്രതികളെ പിടികൂടിയപ്പോള്‍ ജുമി ബെംഗളൂരുവില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.