Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ആമി’യില്‍ അഭിനയിക്കുന്നത് രാഷ്‌ട്രീയ പ്രഖ്യാപനമല്ല; വിവാദമുണ്ടാക്കുന്നവരുടെ ലക്‌ഷ്യം മറ്റുപലതുമെന്നും മഞ്ജു വാര്യര്‍

‘ആമി’യില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍

‘ആമി’യില്‍ അഭിനയിക്കുന്നത് രാഷ്‌ട്രീയ പ്രഖ്യാപനമല്ല; വിവാദമുണ്ടാക്കുന്നവരുടെ ലക്‌ഷ്യം മറ്റുപലതുമെന്നും മഞ്ജു വാര്യര്‍
കൊച്ചി , വെള്ളി, 17 ഫെബ്രുവരി 2017 (08:58 IST)
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി മഞ്ജു വാര്യര്‍. ഈ സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്‌ട്രീയത്തിന്റെ പ്രഖ്യാപനമല്ലെന്ന് വ്യക്തമാക്കിയ നടി സംവിധായകന്‍ കമല്‍ തനിക്ക് ഗുരുതുല്യനാണെന്നും വ്യക്തമാക്കി.
 
ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ തന്നെ, തന്റെ രാജ്യമാണ് തന്റെ രാഷ്‌ട്രീയമെന്നും നടി വ്യക്തമാക്കുന്നു. കമലിന്റെ രാഷ്‌ട്രീയമല്ല ഇരുപതു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശമാണ് തന്റെയുള്ളില്‍ ഇപ്പോള്‍ ഉള്ളതെന്നും മഞ്ജു ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
 
മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്;
 
‘മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന 'ആമി' എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാൻ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകൻ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ 'ഈ പുഴയും കടന്നും', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും' പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനു ശേഷം ഒപ്പം പ്രവര്‍ത്തിക്കാൻ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍.
 
ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ 'എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം'. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു.
 
മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവർക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരു സിനിമ സൃഷ്ടിക്കാനാണ്. 'ആമി'യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
 
ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം. 
അതുകൊണ്ട് പ്രിയപ്പെട്ടവരേ...എന്നെ മുൻനിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചർച്ചകൾക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം...

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനിലെ സൂഫി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ചാവേര്‍ സ്ഫോടനത്തില്‍ 70 മരണം