ജവഹർലാൽ നെഹ്റു സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളിൽ. പ്രതികരണവുമായി അഭിനയത്രി മഞ്ജു വാര്യർ. അക്രമ സംഭവങ്ങളിൽ ഇരയാക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കുന്നു എന്നാണ് മഞ്ജു വാര്യർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
ജെ എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നത് ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്.
പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു. മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.