ട്രെയിനില്‍ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയോട് കോടതിക്കും കനിവില്ല; ജാമ്യാപേക്ഷ തള്ളി
ട്രെയിനില്‍ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയോട് കോടതിക്കും കനിവില്ല; ജാമ്യാപേക്ഷ തള്ളി
ട്രെയിന്‍ യാത്രയ്‌ക്കിടെ നടി സനുഷയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കന്യാകുമാരി വില്ലക്കുറിശി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക എന്നും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഫെബ്രുവരി ഒന്നിനു മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ആന്റോ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ചത്. പുലർച്ചെ ഒരു മണിയോടെ ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം.
എസി എവൺ കോച്ചിൽ ഉറങ്ങുകയായിരുന്ന സനുഷയെ സഹയാത്രികനായ ആന്റോ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സനുഷ ബഹളം വെക്കുകയും മറ്റു യാത്രക്കാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു.
അതേസമയം, ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.