ഡോ. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണെന്നും എത്രയോ പേർക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറെയാണ് നമുക്ക് നഷ്ടമായതെന്നും മാലാ പാർവതി പറയുന്നു. ഉയർന്ന് വരുന്ന കെമിക്കൽ ഡ്രഗ്സുകളുടെ ഉപയോഗം കാരണം വരാനിരിക്കുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകമെന്നും ഡ്രഗ്സ് ഉപയോഗം കാരണം സമൂഹത്തിന് ഉണ്ടാകാൻ പോകുന്ന അപകടം വളരെ വലുതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മാലാ പാർവതി പറയുന്നു.
മാലാ പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ ഭ്രമത്തിന്, പൊലിഞ്ഞത് അമൂല്യ ജീവൻ! ഡോ. വന്ദന ദാസ്.
ഡോ. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണ്. അതിന് ഇരയായതാണ് എത്രയോ പേർക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറും..സമസ്ത മേഖലകളിലും, പ്രത്യേകിച്ച് കുട്ടികളിലും ഉയർന്ന് വരുന്ന കെമിക്കൽ ഡ്രഗ്സ് നമ്മുടെ നാട്ടിൽ വിതക്കാൻ, പോകുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകം.
വിദേശ രാജ്യത്ത് നിന്നൊക്കെ ഇത് പോലെ ഒരു പാട് കുറ്റകൃത്യങ്ങൾ കേൾക്കാറുണ്ട്. ഓസ്ട്രേലിയയിൽ, മാനസിക ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൻ്റെ സുഹൃത്ത്, കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.
13 ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ, കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആളെ കുറിച്ച്.ആ തരത്തിലുള്ള പല കേസുകളെ കുറിച്ച്.
കെമിക്കൽ ട്രഗ്സ് നൽകുന്ന ഉത്തേജനവും, അത് കിട്ടാതെ വരുമ്പോഴുള്ള അസ്വാസ്ഥ്യങ്ങളും, സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന അപകടം വലുതാണ്.
ഡോ. വന്ദന ദാസിന് സംഭവിച്ച ദുരന്തത്തിനും, അവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കാൻ പോകുന്ന വലിയ വേദനയ്ക്കും പകരം നൽകാൻ ഒന്നിനും ആകില്ല.
ഒരു പക്ഷേ, മയക്ക് മരുന്നിനെതിരെ ഒറ്റക്കെട്ടായി നിന്ന് ,വന്ദന എന്ന രക്തസാക്ഷിയോട് ഐക്യപ്പെടാം.
പ്രണാമം എന്നല്ലാതെ ഒന്നും പറയാനില്ല വന്ദന!