ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ.യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ജര്‍മന്‍ ന്യൂറോസര്‍ജന്‍ പ്രൊഫ.ഡോ.ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നട്ടെല്ലിനായിരുന്നു ശസ്ത്രക്രിയ. യൂസഫലി സുഖംപ്രാപിച്ചു വരികയാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി.നന്ദകുമാര്‍ അറിയിച്ചു. യൂസഫലിയുടെ മരുമകനും ബുര്‍ജീല്‍ ആശുപത്രി ഉടമയുമായ ഡോ.ഷംസീര്‍ വയലിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്നാണ് യൂസഫലിക്ക് ഗുരുതരമല്ലാത്ത പരുക്കുകളേറ്റത്. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ തേടിയത്. പിന്നീട് അബുദാബി രാജകുടുംബമയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലിയെ അബുദാബിയിലെത്തിക്കുകയായിരുന്നു. യൂസഫലിയും അദ്ദേഹത്തിന്റെ ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പില്‍ അടിയന്തരമായി ഇറക്കിയതാണ് അദ്ദേഹത്തിനു പരുക്കുകള്‍ ഏല്‍ക്കാന്‍ കാരണം. യന്ത്രത്തകരാറും ശക്തമായ മഴയുമാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.