മധുവിന്റെ ദേഹത്ത് ഉണ്ടായിരുന്നത് അൻപത് മുറിവുകൾ
മരണത്തിന് രണ്ട് ദിവസം മുൻപും മധു ആക്രമിക്കപ്പെട്ടിട്ടുണ്ട്
മോഷണക്കുറ്റം ചുമത്തി നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കള്ളനെന്ന് ആരോപിച്ചായിരുന്നു മധുവിനെ നാട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന അന്ന് മാത്രമല്ല, മരണത്തിന് രണ്ട് ദിവസം മുന്‍പും മധുവിന് മര്‍ദ്ദമനമേറ്റിട്ടുണ്ട് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്‍.
മരണ സമയത്ത് മധുവിന്റെ ശരീരത്തിൽ അൻപതിലധികം മുറിവുകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 24നാണ് മധുവിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത്. തലയ്‌ക്കേറ്റ അടിയാണ് മധുവിന്റെ മരണകാരണമായത് എന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
മധുവിന്റെ തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. അത് മുന്‍പ് എപ്പോഴെങ്കിലും വീഴ്ചയിലോ മറ്റോ സംഭവിച്ചിട്ടുള്ളതല്ല, മറിച്ച് തലയ്ക്ക് ശക്തമായ അടിയേറ്റപ്പോള്‍ സംഭവിച്ചതാണ്. അക്രമികള്‍ മധുവിന്റെ തലയ്ക്ക് അടിക്കുകയോ തല ചുമരില്‍ ഇടിപ്പിക്കുകയോ ചവിട്ടേറ്റ് വീഴുമ്പോള്‍ തല കല്ലില്‍ ഇടിക്കുകയോ ചെയ്തതാകാമെന്നാണ് നിഗമനം. ഇതാണ് മധുവിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയത് അന്‍പത് മുറിവുകളാണ്. മരിച്ച ദിവസം മര്‍ദനമേറ്റുണ്ടായത് മുപ്പതോളം മുറിവുകള്‍. രണ്ട് ദിവസത്തെ പഴക്കമുള്ള ഇരുപതോളം മുറിവുകളും മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ മധുവിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. വടി കൊണ്ടുള്ള അടിയേറ്റാണ് വാരിയെല്ല് ഒടിഞ്ഞിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പും മധു ആക്രമിക്കപ്പെട്ടിരുന്നു എന്ന കണ്ടെത്തലിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.