നിലനിന്നിരുന്ന പല ആചാരങ്ങളും നിന്നു പോയിട്ടുണ്ട്; കുത്തിയോട്ടത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി
നിലനിന്നിരുന്ന പല ആചാരങ്ങളും നിന്നു പോയിട്ടുണ്ട്; കുത്തിയോട്ടത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി
ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി സര്‍ക്കാര്‍. ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തെ വിവാദമാക്കേണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
വർഷങ്ങളായി നടക്കുന്ന ആചാരമാണ് കുത്തിയോട്ടം. കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടി വീഴേണ്ട ആവശ്യമില്ല. കഴിഞ്ഞ വർഷത്തേക്കാൾ ഭംഗിയായി കുത്തിയോട്ടം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന പല ആചാരങ്ങളും പിന്നീട് നിറുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
കുത്തിയോട്ടം സംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. വിശദീകരണം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ ശോഭ കോശി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്‌തു.
ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ട വഴിപാട് കുട്ടികള്‍ക്ക് ജയിലറകള്‍ക്ക് തുല്ല്യമാണെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പ്രതികരിച്ചിരുന്നു.
തന്റെ ബ്ളോഗിലൂടെയാണ് ശ്രീലേഖ ആചാരത്തിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് ബാലവകാശ കമ്മീഷന്‍ സ്വയമേധയ കേസെടുത്തത്.