കുണ്ടറ പീഡനം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്, നിര്‍ണായകമായത് പ്രതിയുടെ ഭാര്യയുടെ മൊഴി
കുണ്ടറയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്
കുണ്ടറയില്‍ പീഡന കേസിൽ നിര്‍ണായക വഴിത്തിരിവ്. പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ മുത്തച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചു. മുത്തശ്ശിയുടെ മൊഴിയാണ് ഈ കേസില്‍ നിർണായകമായത്. ആത്മഹത്യ ചെയ്ത തന്റെ പേരക്കുട്ടിയും മകളും മുത്തച്ഛന്റെ ഈ പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നതായും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.
കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാൾ ഇപ്പോൾ ഒരു ലോഡ്ജിന്റെ മാനേജരായി സേവനം അനുഷ്ടിക്കുകയാണ്. അന്വേഷണ സംഘത്തില്‍ രൂപപ്പെട്ട ഭിന്നതയാണ് പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് കാരണമാകുന്നത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തണമെന്ന നിലപാടിലാണ് എസ്പിയുള്ളത്. എന്നാല്‍ അറസ്റ്റിന് കൂടുതല്‍ തെളിവ് വേണമെന്നാണ് ഡിവൈഎസ്പി പറയുന്നത്.
കേസിലെ പ്രതി പുരുഷന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനായി ഉപയോഗിച്ചിരുന്നുവെന്ന മൊഴികളും പൊലീസിന് ലഭിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് കേസിലെ സുപ്രധാനകാര്യങ്ങളുടെ ചുരുളഴിഞ്ഞത്. നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇന്ന് പൊലീസിനോട് സഹകരിച്ചിരുന്നു. ഇതും പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ പൊലീസിനെ സഹായിച്ചു.