തിരുവനന്തപുരം: വട്ടിയൂർക്കാവിൽ മത്സരിക്കാൻ താനില്ല എന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ന് ചേരുന്ന കോർകമ്മറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ നിലപാട് കൈക്കൊള്ളാനിരിക്കെയാണ് എതിർപ്പ് പ്രകടിപ്പിച്ച് കുമ്മനം രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി തീരുമാനം എന്താണെങ്കിലും അഗീകരിക്കും എന്നായിരുന്നു സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് കുമ്മനത്തിന്റെ മുൻ നിലപാട്.
വട്ടിയൂർക്കവിൽ മത്സരിക്കാനില്ലെന്നും. മത്സരിക്കാൻ അഗ്രഹമുണ്ട് എന്ന് ആരോടു, പറഞ്ഞിട്ടില്ല എന്നുമാണ് കുമ്മനം കൊച്ചിയിൽ വ്യക്തമാക്കിയത്. വട്ടിയൂർക്കാവിൽ കുമ്മനം തന്നെ മത്സരിക്കണം എന്ന് പാർട്ടിയിൽനിന്നും ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മറ്റി യോഗത്തിൽ എട്ട് ജില്ല കമ്മറ്റി അംഗങ്ങൾ കുമ്മനം വട്ടിയൂർക്കവിൽ മത്സരിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. മണ്ഡലം കമ്മറ്റി യോഗത്തിൽ 28ൽ 27പേരും കുമ്മനത്തോടൊപ്പം തന്നെ നിന്നു.
മണ്ഡലത്തിലേക്ക് ബിജെപി ജില്ല അധ്യക്ഷൻ എസ് സുരേഷിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട് എങ്കിലും കുമ്മനം മത്സരിക്കണം എന്ന പൊതുവികാരമാണ് പ്രാദേശിക ഘടകങ്ങളിൽ ആകെയുള്ളത്. കഴിഞ്ഞ തവണ 7622 വോട്ടുകൾക്കാണ് വട്ടിയൂർക്കാവിൽ ബിജെപി പരാജയപ്പെട്ടത്. കുമ്മനം വരുന്നതോടെ ജയസാധ്യത വർധിക്കും എന്നാണ് ബിജെപി കണക്കുകൂട്ടിയിരുന്നത്. എന്നാൽ മത്സരിക്കാനില്ല എന്ന് കുമ്മനം നിലപാട് വ്യക്തമാക്കിയതോടെ ബിജെപിയുടെ പ്രതീക്ഷകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.