സംസ്ഥാനത്ത് ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ലോക്ഡൗണ്‍ ഇളവുനല്‍കിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. സര്‍വ്വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 'എന്റെ കെഎസ്ആര്‍ടിസി' മൊബൈല്‍ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ഈ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാനുമാകും.
നാഷണല്‍ ഹൈവെ, എംസി റോഡ്, മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നത്. ഓര്‍ഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സര്‍വ്വീസുകള്‍ നിലവിലുള്ളത് പോലെ തുടരും. കര്‍ശന നിയന്ത്രണമുള്ള ജൂണ്‍ 12, 13 തീയതികളില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടാകില്ല. എന്നാല്‍ ആവശ്യ സര്‍വ്വീസുകള്‍ക്കായുള്ള ബസുകള്‍ ഉണ്ടായിരിക്കും. പതിമൂന്നാംതീയതി ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര ബസുകള്‍ വീണ്ടും പുനരാരംഭിക്കുകയും ചെയ്യും.
ഇതില്‍ യാത്രാക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ യാത്ര അനുവദിക്കുകയുള്ളൂ. കൂടാതെ ആവശ്യമുള്ള യാത്രാ രേഖകള്‍ ഉള്‍പ്പെടെ കൈയ്യില്‍ കരുതണം. ബസുകളില്‍ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന ജൂണ്‍ 17 മുതല്‍ പൂര്‍ണ്ണമായും ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.