കോഴിക്കോട്: മോഷണക്കുറ്റത്തിന് ജയിലിലായ പ്രതികളായ മക്കളെ കാണാനെത്തിയ മധ്യവയസ്കനായ പിതാവിനെ പോലീസ് മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഉണ്ണിക്കുളം കുറുപ്പിന്റെ കണ്ടി അബ്ദുൽ ഖാദർ (54) എന്നയാളെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
പൂവാട്ടുപറമ്പിലെ മുണ്ടയ്ക്കൽ റസാക്ക് എന്നയാൾ താമസം മാറ്റുന്നതിനിടെ സാധനങ്ങൾ മാറ്റുന്നതിനായി അബ്ദുൽ ഖാദറെയും സഹായത്തിനു വിളിച്ചിരുന്നു. എന്നാൽ സാധനങ്ങൾ മാറ്റുന്നതിനിടെ റസാഖിന്റെ വീട്ടിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപയും നാല് പവൻ സ്വർണ്ണവും നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിൽ അബ്ദുൽ ഖാദറാണ് തട്ടിയെടുത്തതെന്ന് പോലീസ് കണ്ടെത്തി.
എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയെ കണ്ടെത്താൻ പോലീസ് നന്നേ ബുദ്ധിമുട്ടി. അന്വേഷണത്തിൽ താമരശേരി മോഷണ കേസ് പ്രതികളായ യുവാക്കളുടെ പിതാവാണ് അബ്ദുൽ ഖാദർ എന്ന് പോലീസ് കണ്ടെത്തി. ജയിലിലുള്ള യുവാക്കളെ കാണാൻ ഇയാൾ കോഴിക്കോട് സബ് ജയിലിൽ എത്തുമെന്ന് വിവരം ലഭിച്ചതോടെ പോലീസ് കാത്ത് നിന്ന്.
ജയിലിൽ എത്തി മോഷണക്കുറ്റത്തിന് പിടിയിലായ മക്കളെ കാണാനുള്ള ശ്രമത്തിനിടെ ഇയാളെ കുന്നമംഗലം പോലീസ് പിടികൂടുകയും ചെയ്തു. കുന്നമംഗലം ഇൻസ്‌പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.