കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരൻ. തലശേരി പോക്സോ കോടതിയുടേതാണു വിധി. അതേസമയം, കേസിലെ മറ്റ് ആറു പ്രതികളെയും വെറുതെ വിട്ടു. ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നു കോടതി നിരീക്ഷിച്ചു.
ഇടവകാംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോൺവെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരെയാണ് വിട്ടയച്ചത്. ഇവർക്കെതിരായ കേസ് തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് ആറ് പേരെയും കോടതി വെറുതേ വിട്ടത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരായിരുന്നു പ്രതികൾ. കംപ്യൂട്ടർ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയിൽ വച്ചാണ് ഫാദർ റോബിൻ പീഡിപ്പിച്ചത്.
പീഡനവിവരം പുറംലോകം അറിഞ്ഞിരുന്നില്ല. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ വെച്ച് പെൺകുട്ടി പ്രസവിച്ചതോടെയാണ് വിവരം പുറത്തായത്. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. 2017 ഫെബ്രുവരിയിൽ ഫാദർ റോബിൻനെ കസ്റ്റഡിയിലെടുത്തു, പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.