മൃതദേഹാശിഷ്ടങ്ങളിൽ ഡിഎൻഎ പരിശോധന അമേരിക്കയിൽ നടത്തും; റോജോയെ വിളിച്ചുവരുത്തും
അമേരിക്കയിലാണ് മൈറ്റോ കോൺഡ്രിയ ഡിഎൻഎ അനാലിസിസ് ടെസ്റ്റ് നടത്തുക.
കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘം. കല്ലറയിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അമേരിക്കയിലാണ് മൈറ്റോ കോൺഡ്രിയ ഡിഎൻഎ അനാലിസിസ് ടെസ്റ്റ് നടത്തുക. മരണകാരണം കൃത്യമായി മനസ്സിലാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി അന്വേഷണസംഘം മുന്നോട്ട് നീങ്ങുന്നത്.
കേസിൽ പരാതിക്കാരനായ റോജോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇളയ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് റോജോ നൽകിയ പരാതിയാണ് ദുരൂഹമരണങ്ങളുടെ നിഗൂഡത വെളിച്ചത്ത് കൊണ്ടുവന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ ബന്ധുക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.