'മുകേഷും ഗണേഷും സിപിഎം അംഗങ്ങളല്ല, ഇവരോട് വിശദീകരണം തേടേണ്ടതില്ല': കോടിയേരി
'മുകേഷും ഗണേഷും സിപിഎം അംഗങ്ങളല്ല, ഇവരോട് വിശദീകരണം തേടേണ്ടതില്ല': കോടിയേരി
താരസംഘടനയായ 'അമ്മ'യിലെ ചേരിതിരിവാണ് ഇന്ന് കേരളക്കര ഒട്ടാകെ ചർച്ചചെയ്യുന്നത്. ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്‍പ്പെട്ട ഇടത് ജനപ്രതിനിധികള്‍ പ്രതികരിക്കാത്തതിനെക്കുറിച്ച് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്.
സംഘടനയില്‍ അംഗങ്ങളായ ഇടത് എംഎല്‍എമാരോട് വിശദീകരണം തേടേണ്ടതില്ലെന്ന് കോടിയേരി വ്യക്തമാക്കി. 'അമ്മ'യിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എംഎല്‍എമാരുമായ കെ.ബി ഗണേഷ് കുമാർ, മുകേഷ് എന്നിവര്‍ സിപിഎം അംഗങ്ങളല്ലെന്ന് കോടിയേരി പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനെ വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി വ്യക്തമാക്കി.
ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്നലെ സിപൊഎം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തവർക്കും അതിന്റെ ഭാഗമായി നിന്നവർക്കും അതിൽ ഉത്തരവാദിത്തമുണ്ട്. ഇതിന്റെ പേരിൽ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.