കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനുനേരേ വെടിവയ്‌പ്പുണ്ടായ കേസ് ക്രൈംബ്രാഞ്ച് - പൊലീസ് സംയുക്തസംഘം അന്വേഷിക്കും. മുംബൈ അധോലോകത്തലവന്‍ രവി പൂജാര ഉള്‍പ്പെട്ട കേസായതിനാലാണ് അന്വേഷണ സംഘം വിപുലീകരിക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തീരുമാനിച്ചത്.
സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഡിജിപി ഇടപെടലുകള്‍ ശക്തമാക്കിയത്. രവി പൂജാരയെ കേന്ദ്രീകരിച്ച് തന്നെയാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്.
നിലവിൽ അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ പിപി ഷംസിന്‍റെ നേതൃത്വത്തിൽ തന്നെ കൊച്ചിയിലും ഇതര സംസ്ഥാനത്തും അന്വേഷം തുടരും. മംഗലാപുരത്തടക്കം നടത്തിയ അന്വേഷണത്തിൽ ചില സൂചനകൾ പൊലീസിന് ലഭിച്ചു.
അതേസമയം, രവി പൂജാര ഉള്‍പ്പെട്ട കേസായതിനാല്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിദേശത്ത് എത്തി അന്വേഷണം നടത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
പൂജാരയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇന്റര്‍പോളിനും ക്രൈംബ്രാഞ്ച് കത്തയച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുമായും ബെഹ്‌റ ബന്ധപ്പെട്ടിട്ടുണ്ട്.
കടവന്ത്രയിലെ "നെയ്‌ല്‍ ആര്‍ട്ടിസ്‌ട്രി" ബ്യൂട്ടി പാര്‍ലറിനുനേരേ കഴിഞ്ഞ ഡിസംബര്‍ 15-ന് ഉച്ചകഴിഞ്ഞ് 3.45-നാണ് ബൈക്കിലെത്തിയ അജ്‌ഞാതര്‍ വെടിയുതിര്‍ത്തത്.