Kerala Monsoon Rain Live Updates: കേരളത്തില്‍ കാലവര്‍ഷം ശക്തം. വിവിധ ജില്ലകളില്‍ പെരുമഴ തുടരുന്നു. വടക്കന്‍ ജില്ലകളിലാണ് മഴ ശക്തം. ഇന്ന് 11 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
മത്സ്യബന്ധനത്തിനു വിലക്ക്
കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 10-07-2022 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല.
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) രാത്രി 11.30 വരെ 3.5 മുതല്‍ 4.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ശക്തമായ മഴയുടെ സാഹചര്യത്തില്‍ ഇടുക്കിയിലേയും കണ്ണൂരിലേയും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കുള്‍പ്പെടെയാണ് അവധി. കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മാത്രമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. CBSE/ICSE സ്‌കൂളുകള്‍ അംഗന്‍വാടികള്‍ , മദ്രസ്സകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകള്‍ക്കു അവധി ബാധകമല്ല.
പരീക്ഷകള്‍ മാറ്റി
എംജി യൂണിവേഴ്‌സിറ്റി ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവച്ചു. ഇടുക്കി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിലാണ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
ന്യൂനമര്‍ദത്തിന്റെ നിലവിലെ അവസ്ഥ
കച്ചിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ന്യുനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുര്‍ബലമാകാന്‍ സാധ്യത. മണ്‍സൂണ്‍ പാത്തി ( Monsoon Trough ) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു.
ഗുജറാത്ത് തീരം മുതല്‍ കര്‍ണ്ണാടക തീരം വരെ ന്യുനമര്‍ദ പാത്തി (offshore trough) നിലനില്‍ക്കുന്നു. ഒഡിഷക്കും ഛത്തിസ്ഗറിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.